Home Business ‘വേർൾഡ്‌സ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് 2024’ പട്ടികയിൽ വി-ഗാർഡ്

‘വേർൾഡ്‌സ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് 2024’ പട്ടികയിൽ വി-ഗാർഡ്

88
0

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലെക്ട്രിക്കൽ, ഇലക്ട്രോണിക് ഗൃഹോപകരണ മേഖലയിലെ മുൻനിര കമ്പനികളിലൊന്നായ വി-ഗാർഡ് ഇൻഡസ്ട്രീസ് ‘വേർൾഡ്‌സ് മോസ്റ്റ് ട്രസ്റ്റഡ് കമ്പനീസ് 2024’ പട്ടികയിൽ ഇടം നേടി. ന്യൂസ്‌വീക്കും സ്റ്റാറ്റിസ്റ്റയും ചേർന്ന് സംഘടിപ്പിച്ച കമ്പനികളുടെ വിശ്വസനീയതക്കുള്ള അന്താരാഷ്ട്ര പട്ടിക ആണ് ഇത്.

ഗുണനിലവാരം, സുതാര്യത, വിശ്വാസ്യത എന്നിവയ്കക്ക് പ്രാധാന്യം നൽകുന്ന വി-ഗാർഡിന് ആഗോള തലത്തിൽ അപ്ലൈൻസസ്, ഗൃഹോപകരണ, ഇലക്ട്രോണിക്സ് വിഭാഗത്തിൽ ആണ് ഈ ബഹുമതി ലഭിച്ചത്.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കളും നിക്ഷേപകരും ജീവനക്കാരും അടങ്ങുന്ന 70,000-ത്തിലധികം പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. പരസ്യങ്ങളിലും ആശയവിനിമയങ്ങളിലുമുള്ള സത്യസന്ധത, ജീവനക്കാരോടുള്ള ന്യായമായ പെരുമാറ്റം എന്നിവ കമ്പനികളെ വിലയിരുത്തുന്നതിൽ മുഖ്യ ഘടകങ്ങളായിരുന്നു.

“ലോകത്തിലെ ഏറ്റവും വിശ്വസനീയമായ കമ്പനികളുടെ പട്ടികയിൽ ഇടം നേടുക എന്നത് വി-ഗാർഡിന് വലിയ ബഹുമതിയാണ്. ഉയർന്ന നിലവാരമുള്ളതും മികച്ചതുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് മുതൽ സത്യസന്ധതയുടെയും സുതാര്യതയുടെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെ എല്ലാ പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന ഞങ്ങളുടെ പരിശ്രമത്തിന്റെ തെളിവാണ് ഈ അംഗീകാരം. മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരാനും വർഷങ്ങളായി ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം ശക്തിപ്പെടുത്താനും ഈ ബഹുമതി ഞങ്ങൾക്ക് പ്രചോദനമാണ്” എന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി പറഞ്ഞു.