Home Business കയറ്റുമതി രംഗത്തെ കമ്പനികള്‍ക്ക് താങ്ങായി സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

കയറ്റുമതി രംഗത്തെ കമ്പനികള്‍ക്ക് താങ്ങായി സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

95
0

കൊച്ചി: രാജ്യാന്തര വ്യാപാര രംഗത്ത് ധനകാര്യ സേവനങ്ങള്‍ ലൈഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം ആയ സ്റ്റെന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. രാജ്യാന്തര വ്യാപാര ഇടപാടുകള്‍ നടത്തുന്ന ചെറുകിട ഇടത്തരം ബിസിനസുകളുടെ (എസ്എംഇ) സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സേവനങ്ങളാണ് സ്റ്റെന്‍ നല്‍കി വരുന്നത്. ഈ വിഭാഗത്തിലുള്‍പ്പെടുന്ന ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന ബിസിനസുകള്‍ക്ക് വളരാനും അന്താരാഷ്ട്ര വിപണിയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുകയാണ് സ്റ്റെന്നിന്റെ ലക്ഷ്യം. ആഗോള തലത്തില്‍ സ്റ്റെന്‍ 20 ശതകോടിയിലേറെ ഡോളറിന്റെ ഇടപാടുകളാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. ഇതില്‍ 147 ദശലക്ഷം ഡോളറിന്റെ ഇടപാടുകള്‍ ഇന്ത്യന്‍ കമ്പനികളുടേതായിരുന്നു. അടുത്ത മൂന്നു വര്‍ഷത്തിനകം ഇന്ത്യയില്‍ കാര്യമായ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സുമായി (എഫ്.ഐ.ഇ.ഒ) പങ്കാളിത്തത്തിന് സ്‌റ്റെന്‍ ധാരണയിലെത്തിയിട്ടുണ്ട്. കയറ്റുമതി ബിസിനസ് ചെയ്യുന്ന ഇന്ത്യന്‍ ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് ആവശ്യാനുസരണം സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഈ സഹകരണം. പണലഭ്യതാ വെല്ലുവിളികളെ നേരിടാനും ആഗോള വിപണിയില്‍ മത്സരക്ഷമത മെച്ചപ്പെടുത്താനും ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതു സഹായകമാകും. സ്റ്റെന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഒഫീസര്‍ നോയല്‍ ഹില്‍മാനും എഫ്.ഐ.ഇ.ഒയുടെ സിഇഒ ഡോ. അജയ് സഹായും ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. എഫ്.ഐ.ഇ.ഒ പ്രസിഡന്റ് അശ്വനി കുമാർ, സ്റ്റെൻ ചീഫ് മാർക്കെറ്റിങ് ഒഫീസർ മാർസിയോ അർനെകെ, എഫ്.ഐ.ഇ.ഒ അസിസ്റ്റന്റ് ഡയറക്ടർ പ്രതീക് അശോക് നവാലെ, സ്റ്റെൻ സീനിയർ ഡറക്ടർ (സെയിൽ & പാർട്നർഷിപ്പ്) എന്നിവരും പങ്കെടുത്തു.
എസ്എംഇകളെ ആവശ്യമായ സാമ്പത്തിക പിന്തുണ നൽകി പ്രവർത്തനം വിപുലീകരിക്കാൻ സഹായിക്കുകയും രാജ്യാന്തര വിപണിയിലെ അവസരങ്ങളെ മുതലെടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നതോടൊപ്പം കയറ്റുമതി വളർച്ചയെ ത്വരിതപ്പെടുത്താനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു. പ്രവർത്തന മൂലധനം ഒരിക്കലും തടസ്സമാകാതെ കയറ്റുമതി ബിസിനസുകൾക്ക് വളരാനാവശ്യമായ ധനകാര്യ സേവനങ്ങളാണ് ഇതുവഴി ലഭ്യമാക്കുക. ഇതുവഴി എസ്എംഇകൾക്ക് വലിയ ഓർഡറുകൾ സ്വീകരിക്കാനും പുതിയ വിപണികളിലേക്ക് കയറാനും നിലവിലെ വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും. ഇതോടൊപ്പം ആഗോള തലത്തിൽ പുതിയ വിപണി കണ്ടെത്താനും സ്റ്റെൻ ഇന്ത്യൻ കയറ്റുമതി കമ്പനികളെ സഹായിക്കും.

ഇന്ത്യൻ കയറ്റുമതി കമ്പനികളുടെ ആഗോള സാന്നിധ്യം വിശാലമാക്കാൻ സഹായിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ് എഫ്.ഐ.ഇ.ഒയുമായുള്ള സഹകരണം. അനുയോജ്യമായ ധനകാര്യ സേവനങ്ങൾ നൽകി, പേമെന്റ് പ്രശ്നങ്ങളെ ഒഴിവാക്കാനും വളരെ വേഗത്തിൽ വളർച്ച നേടാനും വൻകിട കമ്പനികളുമായി മത്സരിക്കാനും പ്രാപ്തരാക്കുന്ന വിധത്തിൽ ബിസിനസുകളെ ഞങ്ങൾ ശാക്തീകരിക്കും. ഇന്ത്യയിലെ ചരക്കു സേവന കയറ്റുമതി വളർച്ച മുന്നോട്ടു നയിക്കുന്ന രീതിയിൽ വ്യാപാരത്തിന് സൌകര്യമൊരുക്കുന്നതിൽ എഫ്.ഐ.ഇ.ഒ വളരെ നിർണായക പങ്കാണ് വഹിക്കുന്നത്. സ്റ്റെൻ നൽകുന്ന പിന്തുണ എഫ്.ഐ.ഇ.ഒ അംഗങ്ങൾക്ക് അവരുടെ വളർച്ചയിൽ വലിയ പ്രയോജനം ചെയ്യുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഈ സഹകരണം അർത്ഥവത്തായ സ്വാധീനം ഈ മേഖലയിൽ ഉണ്ടാക്കും, സ്റ്റെന്‍ ചീഫ് കൊമേഴ്‌സ്യല്‍ ഒഫീസര്‍ നോയല്‍ ഹില്‍മാൻ പറഞ്ഞു.

കയറ്റുമതി ബിസിനസ് ചെയ്യുന്ന എസ്എംഇകൾക്ക് പോസ്റ്റ് ഷിപ്പ്‌മെൻ്റ് ക്രെഡിറ്റ് നൽകുന്ന മുൻനിര ഫിൻടെക് കമ്പനിയായ സ്റ്റെൻ എഫ്.ഐ.ഇ.ഒയുമായി ധാരണാപത്രം ഒപ്പിടുന്നതോടെ പുതിയ അവസരമാണ് തുറന്നിരിക്കുന്നത്. ഈ എസ്എംഇകളുടെ പ്രവർത്തന മൂലധന ആവശ്യകതകൾ പരിഹരിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് അശ്വനി കുമാർ പറഞ്ഞു. ഇത് ഇന്ത്യയിലെ ഉൽപ്പാദന  കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന് വഴിവെക്കുകയും ചെലവ് കുറയ്ക്കാൻ സഹായിക്കുകയും കയറ്റുമതിക്കാർക്ക് നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു വർഷങ്ങളായി ഭൗമ-രാഷ്ട്രീയ കാരണങ്ങളാൽ പലിശ നിരക്ക് ഉയരുന്നത് വായ്പകൾക്ക് വെല്ലുവിളിയായിട്ടുണ്ടെങ്കിലും പണപ്പെരുപ്പം കുറഞ്ഞതോടെ യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ കുറയ്ക്കുന്നതും നാം കണ്ടു. ഇന്ത്യയിലെ പണപ്പെരുപ്പം കുറയുകയും ജിഡിപി വളർച്ച ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിരക്കുകൾ പരിഷ്കരിക്കുന്നതിന് നമ്മുടെ കേന്ദ്ര ബാങ്കും ഉചിതമായ തീരുമാനമെടുക്കും. കയറ്റുമതി മേഖലയിൽ ബിസിനസ് സ്ഥിരിതയും തുടർച്ചയും ഉറപ്പാക്കാൻ പലിശ തുല്യതാ സംവിധാനം പുനരവതരിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“2030ഓടെ രണ്ട് ട്രില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്നതിന് കയറ്റുമതി ബിസിനസുകൾ, പ്രത്യേകിച്ച് എസ്എംഇകൾ നേരിടുന്ന ധനകാര്യ സേവന ലഭ്യതയിലുള്ള വിടവ് അടിയന്തിരമായി നികത്തേണ്ടതുണ്ട്. നിലവില്‍ കയറ്റുമതി ബിസിനസ് രംഗത്തെ പരിഗണിക്കപ്പെടേണ്ട എസ്എംഇകളിൽ  15 ശതമാനത്തിനു മാത്രമാണ് ഔപചാരികമായി ധനകാര്യ സേവനങ്ങള്‍ ലഭിക്കുന്നത്. വലിയ വളര്‍ച്ചാ സാധ്യതയുള്ള എസ്എംഇകൾ നേരിടുന്ന സാമ്പത്തിക, വായ്പാ വെല്ലുവിളികള്‍ മറികടക്കാന്‍ ഫിന്‍ടെക്ക് സാങ്കേതികവിദ്യകളുടെ ശേഷിയെ പ്രയോജനപ്പെടുത്തേണ്ടതും മുൻനിരയിലുള്ള ധനകാര്യ പങ്കാളികളുമായി സഹകരിക്കേണ്ടതും അത്യാവശ്യമാണ്. മൂലധന സഹായം ലഭ്യമാക്കുന്നതിലുപരി ആഗോള രംഗത്ത് മുന്‍നിരയിലെത്താന്‍ ഈ സഹകരണം ഇന്ത്യന്‍ എസ്എംഇകളെ സഹായിക്കും. കയറ്റുമതിയെ സർക്കാർ ദേശീയ മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിനനുസരിച്ച് കയറ്റുമതി ബിസിനസുകളും ഉയരണം. ഒന്നിച്ചു നിന്ന് നമുത്ത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ മാറ്റിമറിക്കുകയും ആഗോള തലത്തിലെ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യാം,” ഡോ. അജയ് സഹായ് പറഞ്ഞു.