കൊച്ചി: വോഡഫോണ്‍ ഐഡിയയ്ക്ക് അടുത്ത മൂന്നു വര്‍ഷത്തേക്ക് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി നോക്കിയ, എറിക്സണ്‍, സാംസങ് എന്നിവയുമായി 3.6 ബില്യണ്‍ ഡോളറിന്‍റെ (300 ബില്യണ്‍ രൂപ) മെഗാ ഇടപാടു പൂര്‍ത്തിയായി. അടുത്ത മൂന്നു വര്‍ഷത്തേക്ക് 6.6 ബില്യണ്‍ ഡോളറിന്‍റെ (550 ബില്യണ്‍ രൂപ) പുതുക്കല്‍ നടപടികളിലേക്കുള്ള കമ്പനിയുടെ മൂലധന നിക്ഷേപ നീക്കങ്ങളിലെ ആദ്യ ചുവടു വെപ്പാണ് ഈ ഇടപാട്. 4ജി സേവനം 1.03 ബില്യണില്‍ നിന്ന് 1.2 ബില്യണിലേക്ക് എത്തിക്കുന്ന വിധത്തിലെ വികസനവും സുപ്രധാന വിപണികളില്‍ 5ജി അവതരിപ്പിക്കുന്നതും ഡാറ്റാ വളര്‍ച്ചയ്ക്ക് അനുസൃതമായി ശേഷി വികസിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ മൂലധന നിക്ഷേപം. കമ്പനിയുടെ നിലവിലുള്ള ദീര്‍ഘകാല പങ്കാളികളായ നോക്കിയ, എറിക്സണ്‍ എന്നിവരുമായുള്ള സഹകരണം തുടരുന്നതോടൊപ്പം സാംസങിനെ പുതിയ പങ്കാളിയാക്കുകയും ചെയ്തിരിക്കുകയാണ്.
കൂടുതല്‍ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കും വിധം ഏറ്റവും അത്യാധുനിക ഉപകരണങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഈ കരാറുകള്‍ കമ്പനിയെ സഹായിക്കും. ഈ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയെ കുറിച്ചുള്ള വിപുലമായ കാഴ്പ്പാട് 4ജി, 5ജി സാങ്കേതികവിദ്യകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും കമ്പനിയെ സഹായിക്കും. ഇതിന് പുറമെ പുതിയ ഉപകരണങ്ങളുടെ ഊര്‍ജ്ജക്ഷമത പ്രവര്‍ത്തന ചെലവുകള്‍ കുറക്കാനും കമ്പനിയെ സഹായിക്കും. ഈ ദീര്‍ഘകാല ഇടപാടുകളുടെ ഭാഗമായുള്ള ആദ്യ സപ്ലൈകള്‍ അടുത്ത ത്രൈമാസത്തിലായിരിക്കും ആരംഭിക്കുക. 1.2 ബില്യണ്‍ ഇന്ത്യക്കാര്‍ക്ക് 4ജി കവറേജ് ലഭ്യമാക്കുന്ന വിധത്തിലെ വിപുലീകരണമായിരിക്കും കമ്പനിയുടെ മുഖ്യ പരിഗണന.
അടുത്തിടെ 240 ബില്യണ്‍ രൂപയുടെ ഓഹരി വര്‍ധനവും 2024 ജൂണിലെ ലേലത്തിലൂടെ 35 ബില്യണ്‍ രൂപയുടെ അധിക സ്പെക്ട്രം നേടലും നടത്തിയ ശേഷം ദീര്‍ഘകാല കരാറുകള്‍ക്കായുള്ള നീക്കങ്ങള്‍ നടത്തുന്നതിന് ഒപ്പം തന്നെ വേഗത്തിലുള്ള ചില മൂലധന നീക്കങ്ങളും നടത്തിയിരുന്നു. നിലവിലുള്ള സൈറ്റുകളില്‍ കൂടുതല്‍ സ്പെക്ട്രം ലഭ്യമാക്കിയതും പുതിയ ചില സൈറ്റുകള്‍ ആരംഭിച്ചതും അടക്കമുള്ള നീക്കങ്ങളായിരുന്നു ഇതിന്‍റെ ഭാഗമായി നടത്തിയത്. ശേഷിയുടെ കാര്യത്തില്‍ ഏകദേശം 15 ശതമാനം വര്‍ധനവുണ്ടാക്കിയതും കവറേജ് നല്‍കുന്നവരുടെ എണ്ണം 2024 സെപ്റ്റംബര്‍ അവസാനത്തോടെ 16 മില്യണായി ഉയര്‍ത്തിയതും ഇവയുടെ ഫലമായായിരുന്നു. ഈ നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ചില മേഖലകളില്‍ ഉപഭോക്തൃ അനുഭവങ്ങളില്‍ മെച്ചപ്പടല്‍ ഉണ്ടായതായും തങ്ങള്‍ക്ക് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.
ഉയര്‍ന്നു വരുന്ന പുതിയ നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തി ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂണ്‍ട്ര പറഞ്ഞു. ഈ നീക്കങ്ങള്‍ക്കു തങ്ങള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. വിഐഎല്‍ 2.0 എന്ന നിലയിലുള്ള യാത്രയിലാണ് തങ്ങള്‍. ഈ മേഖലയില്‍ വളരാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള കാര്യക്ഷമമായ മാറ്റത്തിന്‍റെ ഘട്ടത്തിലാണ്. നോക്കിയയും എറിക്സണും തുടക്കം മുതല്‍ തന്നെ തങ്ങളുടെ പങ്കാളികളാണ്. ഈ പങ്കാളിത്തം തുടരുന്ന പാതയിലെ മറ്റൊരു നാഴികക്കല്ലാണിത്. സാംസങുമായുള്ള പുതിയ പങ്കാളിത്തം ആരംഭിക്കാന്‍ സന്തോഷമുണ്ട്. 5ജിയിലേക്കു കടക്കുന്ന യാത്രയില്‍ തങ്ങളുടെ എല്ലാ പങ്കാളികളുമായും അടുത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ മൂലധന സൗകര്യങ്ങള്‍ വിപുലമാക്കുന്നത് ഓഹരി സമാഹരണത്തിന്‍റെ അടിത്തറയിലാണ്. ദീര്‍ഘകാല മൂലധനത്തിനായി നിലവിലുള്ളതും പുതിയതുമായ സ്ഥാപനങ്ങളുമായി 250 ബില്യണ്‍ രൂപ ഫണ്ടും, 100 ബില്യണ്‍ രൂപയുടെ ഫണ്ട് ഇതര സൗകര്യങ്ങള്‍ക്കുമായുള്ള ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ് കമ്പനി. സാങ്കേതിക-സാമ്പത്തിക വിലയിരുത്തലുകളാണ് ഈ പ്രക്രിയയിലെ സുപ്രധാന നടപടികളിലൊന്ന്. പുറത്തു നിന്നുള്ള സ്വതന്ത്ര സ്ഥാപനം നടത്തുന്ന ഈ വിലയിരുത്തല്‍ അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ അവയുടെ ആഭ്യന്തര വിലയിരുത്തലും അംഗീകാര നടപടികളും തുടരും.