കോട്ടയം: ഇന്ത്യന്‍ വാഹനലോകം ഏറെ കാത്തിരുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ കോംപാക്ട് എസ് യുവി കൈലാഖ് അനാവരണം ചെയ്യപ്പെട്ടു. പുതിയ വിപണികളേയും പുതിയ ഉപഭോക്താക്കളേയും ആകര്‍ഷിച്ച് ഇന്ത്യയില്‍ ഒരു പുതുയുഗപ്പിറവിയാണ് ഈ ഏറ്റവും പുതിയ വാഹനത്തിലൂടെ സ്‌കോഡ ലക്ഷ്യമിടുന്നത്. കൈലാഖിന്റെ ആഗോളതലത്തിലുള്ള ആദ്യ അവതരമാണ് ഇന്ത്യയില്‍ നടന്നത്. 2025 ജനുവരിയിലാണ് കൈലാഖ് നിരത്തിലിറങ്ങുക. രാജ്യത്ത് കൂടുതല്‍ വിപണി വിപുലീകരണം ലക്ഷ്യമിട്ട് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഈ എസ്യുവിയുടെ ആദ്യ പ്രഖ്യാപനം. ഒക്ടോബറില്‍ കൈലാക്കിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി. തൊട്ടുപിന്നാലെയാണ് കൈലാഖ് ഇപ്പോള്‍ ആഗോള വിപണിക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ബുക്കിങ് ആരംഭിക്കും.
ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത സ്‌കോഡയുടെ ആദ്യ എന്‍ട്രി ലെവല്‍ സബ്-4-മീറ്റര്‍ എസ് യു വിയാണ് കൈലാഖ് എന്ന് സ്‌കോഡ ഓട്ടോ സിഇഒ ക്ലോസ് സെല്‍മര്‍ പറഞ്ഞു. ”ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ വിപണിയായ ഇന്ത്യ ഞങ്ങളുടെ രാജ്യാന്തര വിപുലീകരണ പദ്ധതിയില്‍ വളരെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ്. ഇവിടെ പുതുതായി വില്‍ക്കപ്പെടുന്ന വാഹനങ്ങളില്‍ 50 ശതമാനവും എസ്യുവികളുമാണ്. ജനപ്രിയവും അതിവേഗം വളരുന്നതുമായ ഈ സെഗ്മെന്റില്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കൈലാഖിലൂടെ ലക്ഷ്യമിടുന്നത്. കാഴ്ചയില്‍ വേറിട്ടു നില്‍ക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ കരുത്തുറ്റ ഡിസൈന്‍ ഭാഷയുടെ ഇന്ത്യയിലെ അരങ്ങേറ്റവും കൈലാഖിലൂടെ നടന്നിരിക്കുന്നു. വൈവിധ്യമാര്‍ന്ന വകഭേദങ്ങളും കളറുകളും ഫീച്ചറുകളും, അടിസ്ഥാന മോഡലില്‍ തന്നെ ലഭിക്കുന്ന 25ലേറെ സുരക്ഷാ സംവിധാനങ്ങളുമെല്ലാമാണ് കൈലാഖിന്റെ സവിശേഷത. ഏറെ ആകര്‍ഷണീയമായ വിലയായ 7,89,000 ലക്ഷം രൂപ എന്നത് ഇന്ത്യയില്‍ ഒരു സ്‌കോഡ മോഡലിന്റെ ഏറ്റവും സ്വീകാര്യമായ വിലയാണ്,” അദ്ദേഹം പറഞ്ഞു.
കൈലാഖ്
ഇന്ത്യയാണ് സ്‌കോഡ കൈലാഖിന് ഈ പേര് നല്‍കിയിരിക്കുന്നത്. സ്ഫടികം എന്നര്‍ത്ഥം വരുന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. കൈലാസ പര്‍വതത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. സ്‌കോഡയുടെ ഇന്ത്യയിലെ എസ് യു വിയായ കുഷാക്കിനും പേര് ലഭിച്ചത് ചക്രവര്‍ത്തി എന്നര്‍ത്ഥം വരുന്ന സംസ്‌കൃത പദത്തില്‍ നിന്നാണ്. സ്‌കോഡയുടെ വലിയ ഫോര്‍ വീല്‍ ഡ്രൈവ് എസ് യു വി യായ കോഡിയാക്ക്, ഇടത്തരം വിഭാഗത്തില്‍ വരുന്ന കുഷാക്ക് എന്നിവയുടെ നിരയിലേക്കാണ് കൈലാഖിന്റെ വരവ്. ഡ്രൈവര്‍ക്കും മുന്നിലെ പാസഞ്ചര്‍ക്കും വെന്റിലേഷനുള്ള സിക്‌സ്-വേ ഇലക്ട്രിക് സീറ്റുകള്‍ ഉള്‍പ്പെടെ ഈ സെഗ്മെന്റില്‍ ആദ്യമെത്തുന്ന ചില ഫീച്ചറുകളും കൈലാഖിലുണ്ട്.. 446 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് സെഗ്മെന്റിലെ ഏറ്റവും മികച്ചതാണ്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍ക്ക് വെന്റിലേഷനോട് കൂടിയ ഓട്ടോ ക്ലൈമാറ്റ്ട്രോണിക് ഫീച്ചറുമുണ്ട്. തിരഞ്ഞെടുത്ത വേരിയന്റില്‍ ഇലക്ട്രിക് സണ്‍റൂഫും ഉണ്ട്.
”സ്‌കോഡയുടെ ഇന്ത്യയിലെ യാത്രയില്‍ മറ്റൊരു പ്രധാന നാഴികക്കല്ലാണ് കൈലാക്കിന്റെ ആഗോള അവതരണം. 2024ല്‍ ഏറെ ആകാംക്ഷയും ആവേശവും സൃഷ്ടിച്ച കാറാണ് കൈലാക്. കൂടാതെ സ്‌കോഡ കൈലാഖ് ഇന്ത്യയ്ക്കും ലോകത്തിനുമായി ഇന്ത്യയില്‍ അനാവരണം ചെയ്യുന്നതില്‍ അഭിമാനമുണ്ട്. പ്രാദേശിക നിര്‍മാണം, സമാനതകളില്ലാത്ത ഡ്രൈവിംഗ് ഡൈനാമിക്‌സ്, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ എന്നീ സവിശേഷതകളാല്‍ കൈലാഖ് വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തും,” സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു.
”വരും ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ സ്‌കോഡയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകരാന്‍ പോകുന്നത് കൈലാഖ് ആണ്. ഞങ്ങള്‍ക്കിത് ഇന്ത്യയില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. നിലവില്‍ ശക്തമായ മത്സരമുള്ള ഒരു സെഗ്മെന്റിലേക്കാണ് പ്രവേശിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. സുരക്ഷയിലും ഡ്രൈവിങ് ഡൈനാമിക്‌സിലും വിപണിയില്‍ സ്വാധീനം ചെലുത്താനുള്ള കരുത്ത് കൈലാഖിനുണ്ടെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. അതിലുപരി, ഈ സെഗ്മന്റില്‍ ഇതുവരെ ഇല്ലാത്ത ഒട്ടേറെ ഫീച്ചറുകളും കൈലാഖിലുണ്ട്. കുഷാക്കിനും സ്ലാവിയയ്ക്കും ശേഷം ഇന്ത്യയ്ക്കു വേണ്ടിയുള്ള വാഹന നിരയില്‍ സ്‌കോഡയുടെ ഏറ്റവും പുതിയ മോഡലാണ് കൈലാഖ്. സ്‌കോഡ കുടുംബത്തിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാനും പുതിയ വിപണികളിലേക്ക് പ്രവേശനവുമാണ് ഞങ്ങളുടെ ലക്ഷ്യം. സ്വീകാര്യമായ വില എന്ന വാഗ്ദാനത്തില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നതോടൊപ്പം യുറോപ്യന്‍ സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണം ഉറപ്പാക്കുക കൂടി ചെയ്യുന്നുവെന്നാണ് വിശ്വാസം. ഇതൊരു കോംപാക്ട് കാര്‍ ആണെങ്കിലും പ്രതീക്ഷിച്ചതിലും വലുതാണ്. അതുകൊണ്ടാണ് സാധാരണയില്‍ നിന്ന് മാറി ഒരു മോഷന്‍ പിക്ചര്‍ പ്രീമിയറിലൂടെ ഇത് അവതരിപ്പിച്ചത്,” സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ പീറ്റര്‍ ജനിബ പറഞ്ഞു.
കരുത്ത്, പ്രകടനം, സുരക്ഷ
മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ മാന്വല്‍ ട്രാന്‍സ്മിഷനുള്ള കൈലാഖിന് 10.5 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 188 കിലോമീറ്ററാണ് പരമാവധി വേഗം. 6-സ്പീഡ് മാന്വല്‍/ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് 1.0 ടിഎസ്‌ഐ എഞ്ചിന്‍ 85Kw കരുത്തും 178Nm ടോര്‍ക്കും നല്‍കുന്നു. തിരഞ്ഞെടുത്ത വേരിയന്റുകളില്‍ പാഡ്ല്‍ ഷിഫ്‌റ്റേഴ്‌സും ലഭ്യമാണ്. കുഷാക്കിലും സ്ലാവിയയിലുമുള്ള MQB-A0-IN പ്ലാറ്റ്ഫോമിലാണ് കൈലാഖും നിര്‍മ്മിച്ചിരിക്കുന്നത്.