അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സ് ബലത്തിൽ കേരളം 127 ഓവർ പിന്നിടുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ്. മികച്ച പിന്തുണയുമായി സൽമാൻ നിസാറും ക്രീസിൽ കൂട്ടിനുണ്ട്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
ആറാംവിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനും തകർപ്പനടിക്കാരൻ സൽമാൻ നിസാറും ഒന്നുചേർന്നതോടെ ഗുജറാത്ത് ബൗളിങ് നിര ഒന്നടങ്കം വിയർത്തു. ആദ്യ ഇന്നിങ്സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനിൽ തലേന്നത്തെ ഹീറോ സച്ചിൻ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തിൽത്തന്നെ സച്ചിൻ മടങ്ങി. അർസാൻ നഗ്വാസ്വല്ലയെറിഞ്ഞ ഓവറിൽ ആര്യൻ ദേശായിക്ക് ക്യാച്ച് നൽകിയാണ് മടക്കം. 195 പന്തിൽ എട്ട് ഫോർ സഹിതം 69 റൺസാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്കോറിനോട് ഒന്നും ചേർത്തിരുന്നില്ല.
തുടർന്ന് അസ്ഹറുദ്ദീനും (100നോട്ടൗട്ട്) സൽമാൻ നിസാറും (36നോട്ടൗട്ട്) ക്രീസിൽ ഒന്നിച്ചു. സെമിയിൽ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹർ.