ചില വിഷയങ്ങൾ സമൂഹത്തിൽ ഇപ്പോഴും തുറന്ന് സംസാരിക്കാൻ ആളുകൾ തയ്യാറല്ല. കേൾക്കുമ്പോൾ തന്നെ ചിലർ മുഖം തിരിക്കും, ചിലർ ചിരിക്കും, ചിലർ നിശബ്ദരാകും. എന്നാൽ അത്തരത്തിലുള്ള ഒരു വിഷയത്തെ വളരെ ലളിതമായും രസകരമായും പറയുന്ന സിനിമയാണ് സ്പാ.
“സ്പാ” എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പലർക്കും മനസ്സിൽ ഉയരുന്നത് സംശയങ്ങളാണ്. അവിടെ എന്താണ് നടക്കുന്നത്? ആരൊക്കെയാണ് അവിടെ പോകുന്നത്? എന്തിനാണ് പോകുന്നത്? ഇങ്ങനെ പല ചോദ്യങ്ങളും സമൂഹത്തിൽ വർഷങ്ങളായിയുണ്ട്.
ഈ ചോദ്യങ്ങൾക്കൊക്കെ നേരിട്ട് മറുപടി പറയുന്നില്ലെങ്കിലും, ആ ലോകത്തെ ഒരു കോമഡി ലെൻസിലൂടെ കാണിച്ചുതരുകയാണ് ഈ സിനിമ.
സ്പാ മുറികളിലെ കഥകൾ
സിനിമയുടെ കഥ ഒരു സ്പാ സെന്ററിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ദിവസേന വ്യത്യസ്ത സ്വഭാവങ്ങളിലുള്ള ആളുകൾ അവിടെ എത്തുന്നു. സമൂഹത്തിൽ വലിയ പദവിയുള്ളവരും, മാന്യരായി കാണപ്പെടുന്നവരും, സാധാരണ ജീവിതം നയിക്കുന്നവരും, എല്ലാവരും ഒരേ വാതിൽ കടന്ന് അകത്ത് പോകുന്നു.
പക്ഷേ ആ വാതിൽ അടഞ്ഞാൽ പുറത്തേക്ക് വരുന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ചിലരുടെ ലജ്ജ, ചിലരുടെ ആത്മവിശ്വാസം, ചിലരുടെ വിചിത്രമായ പ്രതീക്ഷകൾ, ഇതെല്ലാം ചേർന്നാണ് സിനിമയിലെ പല തമാശകളും ജനിക്കുന്നത്.
അതുകൊണ്ടുതന്നെ സിനിമയിലെ ഓരോ രംഗവും പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം ചെറിയൊരു ചിന്തയും നൽകുന്നു.
ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ കഥാപാത്രങ്ങളാണ്. ഓരോരുത്തരും വ്യത്യസ്ത സ്വഭാവങ്ങളുള്ളവരാണ്. ചിലർ അമിത ആത്മവിശ്വാസത്തോടെ എത്തും, ചിലർ ഒളിഞ്ഞ ലജ്ജയോടെ, ചിലർ വിചിത്രമായ ആഗ്രഹങ്ങളുമായി.
അവരുടെ സംഭാഷണങ്ങളും പെരുമാറ്റങ്ങളും പലപ്പോഴും തിയറ്ററിനെ ചിരിയോടെ നിറയ്ക്കും. ഓരോ കഥാപാത്രവും വന്നാൽ ഒരു പുതിയ തമാശയും ഒരു പുതിയ സാഹചര്യവും ഉണ്ടാകുന്നു.
തെറാപ്പിസ്റ്റുകളുടെ ജീവിതം
സിനിമയിലെ മറ്റൊരു ശ്രദ്ധേയ ഭാഗം സ്പാ തെറാപ്പിസ്റ്റുകളുടെ ജീവിതം കാണിക്കുന്ന രീതിയാണ്. സാധാരണയായി സമൂഹം ഇവരെ പലവിധ മുൻവിധികളോടെയാണ് കാണുന്നത്. പക്ഷേ ഈ സിനിമ അവരെ വെറും തമാശ കഥാപാത്രങ്ങളായി മാത്രമല്ല കാണിക്കന്നത്. അവരുടെ ജോലിയും ജീവിതവും സാഹചര്യങ്ങളും ലളിതമായി അവതരിപ്പിക്കാൻ സിനിമ ശ്രമിക്കുന്നു. അവർക്കും സ്വന്തം സ്വപ്നങ്ങളും ആത്മാഭിമാനവും ഉള്ള മനുഷ്യരാണ് എന്ന് സിനിമ നമ്മളെ ഓർമ്മിപ്പിക്കുന്നു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും പോകുന്ന സിനിമ
സംവിധായകൻ എബ്രിഡ് ഷൈൻ ഈ സിനിമയിലൂടെ ഒരു ധൈര്യമായ ശ്രമമാണ് നടത്തുന്നത്. സാധാരണ സിനിമകൾ പറയാൻ മടിക്കുന്ന വിഷയത്തെ അദ്ദേഹം ഹാസ്യത്തിന്റെ ഭാഷയിൽ പറയുകയാണ്. അതിനാൽ തന്നെ സിനിമ മുഴുവൻ ഒരു ലൈറ്റ് മൂഡിലാണ് മുന്നോട്ട് പോകുന്നത്. ചില സംഭാഷണങ്ങൾ അല്പം ബോൾഡുമാണ്.
സ്പാ ഒരു വലിയ സന്ദേശം പറഞ്ഞ് അവസാനിക്കുന്ന സിനിമയല്ല. പക്ഷേ ചിരിയിലൂടെ സമൂഹത്തിന്റെ ചില മനോഭാവങ്ങളെ നമ്മൾക്കു കാണിച്ചുതരുന്ന സിനിമയാണ്. തിയറ്ററിൽ ഇരുന്ന് നമ്മൾ പലവട്ടം ചിരിക്കും. ചില നിമിഷങ്ങളിൽ നമ്മൾ തന്നെ നമ്മളെ ചോദ്യം ചെയ്യുകയും ചെയ്യും.അവസാനം സിനിമ അവസാനിക്കുമ്പോൾ ഒരു ലളിതമായ സന്തോഷം മനസ്സിൽ ബാക്കി നിൽക്കും. കാരണം എല്ലാം അവസാനിക്കുമ്പോൾ, സ്പാ നമ്മുക്ക് ഒരു “happy ending” തന്നെയാണ് നൽകുന്നത്.






