കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റര്‍ പുറത്തിറക്കി. ടര്‍ബോ പെട്രോള്‍ പതിപ്പിന് 10.49 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനങ്ങളുടെ വിതരണം രാജ്യത്തുടനീളം ആരംഭിച്ചു.
റെനോ ഗ്രൂപ്പിന്‍റെ അത്യാധുനിക മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ (ആര്‍ജിഎംപി) നിര്‍മ്മിച്ച പുതിയ റെനോ ഡസ്റ്റര്‍ കരുത്തുറ്റ നിര്‍മ്മാണശൈലിക്കും ഇന്ധനക്ഷമതയ്ക്കും ഭാവിയിലെ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിക്കും മുന്‍ഗണന നല്‍കിയാണ് വികസിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ എസ്യുവി രൂപഭാവം, വിഭാഗത്തിലെ ഏറ്റവും മികച്ച അപ്രോച്ച്-ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ വാഹനത്തിന്‍റെ ഓഫ്-റോഡ് കരുത്ത് വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നു.
രാജ്യത്തെ റോഡുകളിലെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്യുകയും പരീക്ഷിക്കുകയും ചെയ്ത പുതിയ റെനോ ഡസ്റ്റര്‍ മികച്ച കരുത്തും അതോടൊപ്പം മികച്ച റൈഡിംഗ്-ഹാന്‍ഡ്ലിംഗ് അനുഭവവും ഒത്തുചേര്‍ന്നതാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച 6-സ്പീഡ് വെറ്റ്-ക്ലച്ച് ഡിസിടി അല്ലെങ്കില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടോ കൂടിയാണ് ലഭ്യമാകുന്നത്. ടര്‍ബോ ടിസിഇ 160 എഞ്ചിന്‍ 163 പിഎസ് കരുത്തും 280 എന്‍എം ടോര്‍ക്കും നല്‍കുന്നു. റൈഡ്, ഹാന്‍ഡ്ലിംഗ്, സ്റ്റിയറിംഗ്, ബ്രേക്കിംഗ് പ്രകടനം എന്നിവയില്‍ ഐഡിഐഎഡിഎ വാഹനത്തിന്‍റെ കാര്യക്ഷമത സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന റോഡുകളില്‍ മികച്ച സ്ഥിരതയും യാത്രാസുഖവും ആത്മവിശ്വാസവും നല്‍കുന്ന രീതിയിലാണ് ഇതിന്‍റെ ഷാസി സജ്ജീകരിച്ചിരിക്കുന്നത്.
ഡ്രൈവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഉള്‍വശം ക്രമീകരിച്ചിരിക്കുന്നത്. സൗകര്യപ്രദമായ സീറ്റുകളും പുറത്തെ കാഴ്ചകള്‍ തടസ്സമില്ലാതെ കാണാവുന്ന ഡിസൈനും ഇതിന്‍റെ പ്രത്യേകതയാണ്. ഗൂഗിള്‍ ഓട്ടോമോട്ടീവ് സര്‍വീസുകളിലൂടെ ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ അസിസ്റ്റന്‍റ്, ഗൂഗിള്‍ പ്ലേ തുടങ്ങിയവ നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഓപ്പണ്‍ആര്‍ ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
ഓതെന്‍റിക്, ഇവല്യൂഷന്‍, ടെക്നോ, ടെക്നോ+, ഐകോണിക് എന്നീ അഞ്ച് വ്യത്യസ്ത ട്രിം വകഭേദങ്ങളില്‍ പുതിയ ഡസ്റ്റര്‍ ലഭ്യമാണ്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, ഗൂഗിള്‍ ഇന്‍ബില്‍റ്റ് ആയിട്ടുള്ള ഓപ്പണ്‍ആര്‍ ലിങ്ക് മള്‍ട്ടിമീഡിയ, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക് പവേര്‍ഡ് ടെയില്‍ഗേറ്റ് എന്നിവ ഇതിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 17 എഡിഎഎസ് (അഡാസ്) ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്.
വിപണിയില്‍ ടര്‍ബോ ടിസിഇ 160 പതിപ്പിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. മൊത്തം പെട്രോള്‍ ബുക്കിംഗുകളുടെ 90 ശതമാനവും ഈ കരുത്തുറ്റ മോഡലിനാണ് ലഭിക്കുന്നത്.
ആര്‍-പാസ് പ്രീ-ബുക്കിംഗ് പ്രോഗ്രാമിലൂടെ മാര്‍ച്ച് 31-നകം ബുക്ക് ചെയ്യുന്നവര്‍ക്ക് 10.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കും. ഇതിനുപുറമെ റെനോ അംഗീകൃത സര്‍വീസ് സെന്‍ററുകളില്‍ കൃത്യമായ സര്‍വീസുകള്‍ ചെയ്യുന്നവര്‍ക്ക് 7 വര്‍ഷത്തെ റെനോ ഫോറെവര്‍ വാറന്‍റിയും ലളിതമായ സബ്സ്ക്രിപ്ഷന്‍ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്നത്തെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതാണ് പുതിയ റെനോ ഡസ്റ്ററെന്ന് റെനോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ്കോ ഹിഡാല്‍ഗോ പറഞ്ഞു. മികച്ച പ്രകടനം, ഈടുനില്‍ക്കുന്ന നിര്‍മ്മാണം, ദൈനംദിന ഉപയോഗത്തിനുള്ള സൗകര്യം എന്നിവയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇന്ന് ആഗ്രഹിക്കുന്നത്. പുതിയ ടര്‍ബോ ടിസിഇ 160 എഞ്ചിന്‍ നല്‍കുന്ന 163 പിഎസ് കരുത്തും അത്യാധുനികമായ ആര്‍ജി?എം?പി പ്ലാറ്റ്ഫോമും വാഹനത്തിന്‍റെ റൈഡിംഗ് ഗുണനിലവാരത്തിലും കരുത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ ഉള്‍പ്പെടെയുള്ള ലളിതമായ വാഹനം സ്വതമാക്കാനുള്ള പദ്ധതികളും 7 വര്‍ഷത്തെ വാറന്‍റിയും ഇതിന്‍റെ സവിശേഷതയാണ്. യഥാര്‍ത്ഥ ഇന്ത്യന്‍ ഡ്രൈവിംഗ് സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ എസ്യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഡസ്റ്ററിന്‍റെ ഇ-ടെക് സ്ട്രോങ്ങ് ഹൈബ്രിഡ് പതിപ്പ് മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഒത്തുചേര്‍ന്നതാണ്. 1.8 ലിറ്റര്‍ എഞ്ചിനും 1.4 കെഡബ്ല്യുഎച്ച് ബാറ്ററിയും സംയോജിപ്പിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം. നഗരങ്ങളിലെ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ 80 ശതമാനം വരെ ഇവി ഡ്രൈവിംഗ് സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. പ്രധാന മെട്രോ നഗരങ്ങളില്‍ നിന്നുള്ള പ്രീ-ബുക്കിംഗുകളില്‍ ഏകദേശം 40 ശതമാനവും ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തത് ഈ ഹൈബ്രിഡ് മോഡലാണ്. 2026-ലേക്ക് നീക്കിവെച്ചിരുന്ന ഹൈബ്രിഡ് മോഡലുകള്‍ ഇതിനോടകം തന്നെ പൂര്‍ണ്ണമായും വിറ്റുതീര്‍ന്നതായും ദീപാവലി സമയത്ത് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി ഹൈബ്രിഡ് പതിപ്പിന്‍റെ ബുക്കിംഗ് വീണ്ടും ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.






