കൊച്ചി: ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ ‘സ്ക്രീന്‍ അക്കാദമി’ ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് ചടങ്ങിനായുള്ള നാമനിര്‍ദ്ദേശങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക പുറത്തുവിട്ടു. 31 വിഭാഗങ്ങളിലായി നടക്കുന്ന ഈ പുരസ്കാരങ്ങള്‍ ഏപ്രില്‍ അഞ്ചിന് പ്രഖ്യാപിക്കും. 2025-ലെ മികച്ച ഹിന്ദി സിനിമകളെയും ഒടിടി പ്ലാറ്റ്ഫോമുകളിലെ പ്രകടനങ്ങളെയുമാണ് ഈ അവാര്‍ഡിലൂടെ ആദരിക്കുന്നത്.
ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍ ചിത്രം ദുരന്ധര്‍ ആണ് ഇത്തവണത്തെ ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് നാമനിര്‍ദ്ദേശങ്ങളില്‍ ഏറ്റവും മുന്നില്‍. റെക്കോര്‍ഡ് നേട്ടമായ 24 നാമനിര്‍ദ്ദേശങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. മോഹിത് സൂരിയുടെ ‘സയ്യാറ’ 17 നാമനിര്‍ദ്ദേശങ്ങളുമായി രണ്ടാം സ്ഥാനത്തും നീരജ് ഘേവാന്‍റെ ‘ഹോംബൗണ്ട്’ 15 നാമനിര്‍ദ്ദേശങ്ങളുമായി മൂന്നാമതുമുണ്ട്. തിയേറ്ററുകളില്‍ എത്തിയ ചിത്രങ്ങളും ഒടിടി റിലീസുകളും ഒരുപോലെ ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യന്‍ സിനിമ ലോകത്തെ കഥപറച്ചിലിലെ വൈവിധ്യവും പുരോഗതിയും എടുത്തുകാണിക്കുന്നതാണ് ഈ വര്‍ഷത്തെ നാമനിര്‍ദ്ദേശങ്ങള്‍.
1995ല്‍ തുടങ്ങിയ സ്ക്രീന്‍ അവാര്‍ഡ്സ് എഡിറ്റോറിയല്‍ സത്യസന്ധതയിലും സുതാര്യതയിലുമാണ് വിശ്വസിക്കുന്നത്. 50ലധികം പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സാംസ്കാരിക നായകര്‍ എന്നിവരടങ്ങുന്ന സ്വതന്ത്രവും ലാഭേച്ഛയില്ലാത്തതുമായ ‘സ്ക്രീന്‍ അക്കാദമി’ ആണ് പുരസ്കാരങ്ങള്‍ നിര്‍ണയിക്കുന്നത്. അക്കാദമിയിലെ 95 ശതമാനത്തിലധികം അംഗങ്ങളും ഇത്തവണത്തെ മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ പങ്കാളികളായി. ഓരോ വിഭാഗത്തിലും ശരാശരി 38 മുതല്‍ 40 വരെ അംഗങ്ങള്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തി. പുരസ്കാര നിര്‍ണ്ണയത്തില്‍ പൂര്‍ണ്ണമായ നിഷ്പക്ഷതയും നീതിയും ഉറപ്പാക്കുന്നതിനായി ‘ട്രിംഡ് മീന്‍’ (ഒളിമ്പിക്) എന്ന പ്രത്യേക ശാസ്ത്രീയ രീതിയാണ് ഇത്തവണ സ്വീകരിച്ചത്.
അവാര്‍ഡ് നിര്‍ണ്ണയ പ്രക്രിയ കൂടുതല്‍ ശക്തമാക്കുന്നതിനായി യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ സ്കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്സിലെ സിനിമ ആന്‍ഡ് മീഡിയ സ്റ്റഡീസ് വിഭാഗം ചെയര്‍പേഴ്സണ്‍ പ്രൊഫസര്‍ പ്രിയ ജയകുമാര്‍ അക്കാദമി അംഗങ്ങള്‍ക്കായി വിശദമായ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കി.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായി ഒരു ചലച്ചിത്ര പുരസ്കാര ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ ‘ഡിജിറ്റല്‍-ഫസ്റ്റ്’ നയത്തിന്‍റെ ഭാഗമായി യുട്യൂബുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് സ്ക്രീന്‍ അവാര്‍ഡ്സ് സൗജന്യമായി കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സോണി എന്‍റര്‍ടൈന്‍മെന്‍റ് ടെലിവിഷനിലും, സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലും ചടങ്ങുകള്‍ തത്സമയം കാണാം.






