ആം ആദ്മി പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ നിർണായക നീക്കവുമായി പാർട്ടി നേതൃത്വം. രാജ്യസഭയിലെ പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ ഔദ്യോഗികമായി നീക്കം ചെയ്തു. പകരം പഞ്ചാബിൽ നിന്നുള്ള എംപിയായ അശോക് മിത്തലിനെ പുതിയ ഉപനേതാവായി നിശ്ചയിച്ചു.
ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് എഎപി രാജ്യസഭാ സെക്രട്ടേറിയറ്റിന് കൈമാറി. രാഘവ് ഛദ്ദയ്ക്ക് പകരം അശോക് മിത്തലിനെ ചുമതലപ്പെടുത്തണമെന്നും സഭയിൽ സംസാരിക്കാൻ എഎപിയുടെ പട്ടികയിൽ ഉൾപ്പെടുത്തി ഛദ്ദയ്ക്ക് സമയം അനുവദിക്കേണ്ടതില്ലെന്നും കത്തിൽ എഎപി നേതൃത്വം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി പാർട്ടിയുടെ സുപ്രധാന യോഗങ്ങളിലും പരിപാടികളിലും രാഘവ് ഛദ്ദയുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പാർട്ടി രൂപീകരണ കാലം മുതൽ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഛദ്ദയെ പെട്ടെന്ന് മാറ്റിനിർത്താനുള്ള തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
നിലവിൽ രാജ്യസഭയിൽ ആം ആദ്മി പാർട്ടിക്ക് പത്ത് അംഗങ്ങളാണുള്ളത്. ഇതിൽ ഏഴ് പേർ പഞ്ചാബിൽ നിന്നുള്ളവരും മൂന്ന് പേർ ഡൽഹിയിൽ നിന്നുള്ളവരുമാണ്. 2012 മുതൽ പാർട്ടിയുടെ സജീവ മുഖമായിരുന്ന രാഘവ് ഛദ്ദയ്‌ക്കെതിരെയുള്ള ഈ നീക്കം എഎപിക്കുള്ളിലെ അധികാര സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാക്കുന്നു.






