Home Education കേരളത്തിൽ തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ദേശീയ ശരാശരിയേക്കാൾ മുന്നേറ്റവുമായി സംസ്ഥാനം

കേരളത്തിൽ തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ദേശീയ ശരാശരിയേക്കാൾ മുന്നേറ്റവുമായി സംസ്ഥാനം

2
0

തിരുവനന്തപുരം: തൊഴിന്വേഷകർക്കും സംസ്ഥാന സർക്കാരിനും ആശ്വാസം പകർന്നുകൊണ്ട് കേരളത്തിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം ദേശീയതലത്തിലും കേരളത്തിലും തൊഴിൽ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്.2022-ൽ രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ 3.6 ശതമാനമായിരുന്നത് 2025 ആയപ്പോഴേക്കും 3.1 ശതമാനമായി കുറഞ്ഞു. എന്നാൽ കേരളത്തിൽ ഈ കുറവ് ഏറെ പ്രകടമാണ്. 2023-24 കാലയളവിൽ 7.2 ശതമാനമായിരുന്ന സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 2025-ൽ 4.3 ശതമാനത്തിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെ രാജ്യത്തെ രണ്ടേമുക്കാൽ ലക്ഷത്തോളം വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

യുവാക്കളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്കിലും ദേശീയതലത്തിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എങ്കിലും 15 വയസ്സിന് മുകളിലുള്ള അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളം ഇപ്പോഴും ദേശീയ ശരാശരിയേക്കാൾ അല്പം പിന്നിലാണ്. ദേശീയ ശരാശരി 3.1 ശതമാനമായിരിക്കുമ്പോൾ കേരളത്തിൽ ഇത് 4.4 ശതമാനമാണ്. എന്നാൽ തൊഴിൽ മേഖലയിലെ പൊതുവായ പങ്കാളിത്തം പരിശോധിച്ചാൽ കേരളം ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രാജ്യത്തെ തൊഴിൽ പങ്കാളിത്തം 44.9 ശതമാനമാണെങ്കിൽ കേരളത്തിലത് 46.2 ശതമാനമാണ്.
പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തത്തിൽ കേരളം വലിയ മുന്നേറ്റം നടത്തി. ദേശീയതലത്തിൽ 30.7 ശതമാനം സ്ത്രീകൾ തൊഴിൽ മേഖലയിലുള്ളപ്പോൾ കേരളത്തിൽ ഇത് 33.5 ശതമാനമാണ്.

ചില പ്രത്യേക പ്രായവിഭാഗങ്ങളിലെ തൊഴിൽ പങ്കാളിത്തത്തിൽ കേരളം ദേശീയ കണക്കുകളേക്കാൾ അല്പം പിന്നിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 15 മുതൽ 29 വയസ്സ് വരെയുള്ളവരുടെ പങ്കാളിത്തം ദേശീയതലത്തിൽ 46 ശതമാനമാണെങ്കിൽ കേരളത്തിൽ അത് 41.7 ശതമാനമാണ്.അതുപോലെ 15-59 പ്രായപരിധിയിലുള്ളവരുടെ കണക്കിലും നേരിയ വ്യത്യാസമുണ്ട്. അതേസമയം ഈ കണക്കുകൾ സംസ്ഥാനത്തിന് വലിയ അഭിമാനമാണെന്ന് ആസൂത്രണ ബോർഡംഗം ഡോ. കെ. രവിരാമൻ പ്രതികരിച്ചു. 2017-18 കാലത്ത് 7.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ 4.3 ശതമാനമായി കുറഞ്ഞതും സ്ത്രീ പങ്കാളിത്തം 36.6 ശതമാനത്തിൽ നിന്ന് 46.2 ശതമാനമായി ഉയർന്നതും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.