Home World News മരണത്തെ ജയിച്ച് ക്രിസ്തുനാഥൻ; ലോകമെങ്ങും ഇന്ന് പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ

മരണത്തെ ജയിച്ച് ക്രിസ്തുനാഥൻ; ലോകമെങ്ങും ഇന്ന് പ്രത്യാശയുടെ ഉയിർപ്പ് തിരുനാൾ

13
0

അൻപത് നാളത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയുമായി ക്രൈസ്തവ ലോകം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം മൂന്നാം നാൾ യേശുദേവൻ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി വിശ്വാസികൾ പ്രത്യാശയുടെയും സ്നേഹത്തിന്റെയും പുലരിയിലേക്ക് കടന്നു.

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ അർധരാത്രി മുതൽ പുലർച്ചെ വരെ നീണ്ടുനിന്ന പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും ഭക്തിനിർഭരമായി നടന്നു.

സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ശുശ്രൂഷകൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. ലോകം ഇന്ന് വലിയ യുദ്ധഭീതിയിലാണെന്നും സ്വാർത്ഥതയുടെ മതിലുകൾ തകർക്കുന്നിടത്താണ് സ്വർഗ്ഗരാജ്യം നിലകൊള്ളുന്നതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ഗൾഫ് മേഖല ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിലനിൽക്കുന്ന അശാന്തിയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ കാർമികത്വം വഹിച്ചു. ഗൾഫിലുള്ള മലയാളി സഹോദരങ്ങളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും, നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്കാ ബാവയും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനും എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലും വിശ്വാസികൾക്ക് ഈസ്റ്റർ സന്ദേശം നൽകി.

പ്രത്യാശയുടെ വലിയൊരു സന്ദേശമുയർത്തി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഉയിർപ്പ് പെരുന്നാളിന്റെ നിറവിലാണ്.