ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ രണ്ടാം വരവിൽ സുവർണ്ണ അധ്യായം കുറിച്ച് ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. ഭൂമിയുടെ പരിക്രമണപഥം വിട്ടു പുറത്തുകടന്ന ഒറയോൺ പേടകം ഇപ്പോൾ ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്.
1972-ലെ അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം ആദ്യമായാണ് മനുഷ്യൻ ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ കാലുകുത്തുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. നിലവിൽ ചന്ദ്രനിൽ നിന്ന് 66,098 കിലോമീറ്റർ അകലെയാണ് പേടകം സ്ഥിതി ചെയ്യുന്നത്.
യാത്രയുടെ ഭാഗമായി ഇന്ന് രാത്രി ഇന്ത്യൻ സമയം 11:26-ഓടെ ഒറയോൺ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള പോയിന്റിൽ എത്തും. ഇതോടെ ദശാബ്ദങ്ങൾക്ക് മുൻപ് അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡ് പഴങ്കഥയാകും. ചന്ദ്രന്റെ മറുപുറത്തെ നിഗൂഢതകൾ തേടിയുള്ള യാത്രികരുടെ നിരീക്ഷണം അർദ്ധരാത്രി 12:15-ഓടെ ആരംഭിക്കും. ഏപ്രിൽ ഏഴിന് പുലർച്ചെ 4:14-ന് പേടകം ചന്ദ്രന്റെ മറുവശത്തേക്ക് നീങ്ങുന്നതോടെ ഭൂമിയുമായുള്ള ആശയവിനിമയം താൽക്കാലികമായി നിലയ്ക്കും.
ഏകദേശം നാൽപ്പത് മിനിറ്റോളം നീളുന്ന ഈ നിശബ്ദതയ്ക്കിടയിൽ ചന്ദ്രന്റെ ചക്രവാളത്തിൽ ഭൂമി അസ്തമിക്കുന്നതും ഉദിക്കുന്നതും നേരിൽ കാണാൻ യാത്രികർക്ക് സാധിക്കും.
പത്ത് ദിവസത്തെ ദൗത്യത്തിൽ ഏഴാം ദിനത്തോടെ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം പൈലറ്റിന്റെ പൂർണ്ണ നിയന്ത്രണത്തിലേക്ക് മാറുന്ന പേടകം ഒൻപതാം ദിവസം തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കും. പത്താം ദിവസം ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതോടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മനുഷ്യയാത്രകളിലൊന്ന് വിജയകരമായി പൂർത്തിയാകും.






