ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മുൻ വിധിയിൽ തിരുത്തൽ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ശക്തമായ നിലപാട് സ്വീകരിച്ചു. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതിനാൽ നിലവിലുള്ള ആചാരങ്ങൾ ലംഘിക്കപ്പെടുന്നത് ആരാധനയുടെ സ്വഭാവത്തെ ബാധിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന വിശ്വാസങ്ങളിൽ കോടതികൾ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത 246 പേജുള്ള വിശദമായ വാദമുഖങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുൻപാകെ സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ് തുടങ്ങി ഒമ്പത് ജഡ്ജിമാരാണ് വാദം കേൾക്കുന്നത്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിൽ സുപ്രീംകോടതിയിലെ ഈ നീക്കങ്ങൾ ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു.
യുവതീപ്രവേശനത്തെ എതിർക്കുന്ന 32 ഓളം സംഘടനകളുടെയും വ്യക്തികളുടെയും വാദങ്ങളാണ് ഇന്ന് മുതൽ കോടതി പരിശോധിക്കുന്നത്. ഏപ്രിൽ 14 മുതൽ 16 വരെയുള്ള തീയതികളിൽ വിധി അനുകൂലിക്കുന്നവരുടെ വാദങ്ങൾ നടക്കും.
അതേസമയം ഈ വിഷയത്തിൽ കൃത്യമായ ഒരു നിലപാട് വ്യക്തമാക്കാതെയാണ് കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
യുവതീപ്രവേശനം സംബന്ധിച്ച് മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം. എന്നാൽ പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുമെന്നും വിധി എതിർക്കുന്നവർക്കൊപ്പം വാദിക്കാൻ അനുവദിക്കണമെന്നുമാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് കേരളത്തിനായി ഹാജരാകുന്നത്. കോടതി അനുവദിച്ച ഒരു മണിക്കൂർ സമയത്തിനുള്ളിൽ സംസ്ഥാനം നിലപാട് വിശദീകരിക്കും.





