Home Entertainment കണ്ണുചിമ്മാതെ കണ്ടു, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അനുഭവം; രൺവീറിന്റെ ‘ധുരന്ധർ 2’വിനെ വാഴ്ത്തി വിരാട്...

കണ്ണുചിമ്മാതെ കണ്ടു, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അനുഭവം; രൺവീറിന്റെ ‘ധുരന്ധർ 2’വിനെ വാഴ്ത്തി വിരാട് കോഹ്‌ലി

2
0

തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ധുരന്ധർ 2’ സിനിമയെ പ്രശംസിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി രംഗത്ത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്ത്യൻ സിനിമ എന്നാണ് കോഹ്‌ലി ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരാധകരുമായി പങ്കുവെച്ചത്. നാല് മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയാണെങ്കിലും ഒരു നിമിഷം പോലും കണ്ണുചിമ്മാതെയാണ് താൻ സിനിമ കണ്ടിരുന്നതെന്ന് കോഹ്‌ലി കുറിച്ചു.

സിനിമയുടെ സംവിധായകൻ ആദിത്യ ധറിനെ ‘ജീനിയസ്’ എന്ന് വിളിച്ച കോഹ്‌ലി, അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവും ദൃഢനിശ്ചയവുമാണ് ഇത്തരമൊരു ദൃശ്യവിസ്മയം ഒരുക്കാൻ കാരണമായതെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിലെ നായകൻ രൺവീർ സിംഗിന്റെ പ്രകടനത്തെ താരം പ്രത്യേകം എടുത്തുപറഞ്ഞു.

ഈ സിനിമയോടെ രൺവീർ ഒരു നടനെന്ന നിലയിൽ മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിനയം വാക്കുകൾക്ക് അതീതമാണെന്നും കോഹ്‌ലി പുകഴ്ത്തി.

ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്ന് കോഹ്‌ലി തന്റെ കുറിപ്പിൽ പറഞ്ഞു. എല്ലാവിധ വികാരങ്ങളെയും ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആദിത്യ ധറിനെയും രൺവീർ സിംഗിനെയും ടാഗ് ചെയ്തുകൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമയുടെ വൻ വിജയത്തിന് കോഹ്‌ലിയുടെ ഈ അഭിപ്രായപ്രകടനം കൂടുതൽ കരുത്ത് പകരുമെന്നാണ് സിനിമാ ലോകത്തെ സംസാരം.