ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കവെ, ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നതിനെതിരെ കടുത്ത പരാമർശങ്ങളുമായി ജസ്റ്റിസ് ബി.വി. നാഗരത്ന രംഗത്തെത്തി. മാസത്തിൽ മൂന്ന് ദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായി കാണുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
എന്നാൽ ശബരിമലയിലെ നിയന്ത്രണം വെറും നാല് ദിവസത്തെ ആർത്തവവുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് മാത്രമുള്ള വിലക്കാണെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു.
യുവതികളെ വിലക്കുന്നത് ഒരു തരത്തിലുള്ള തൊട്ടുകൂടായ്മയാണെന്ന് മുൻപ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു.
ഈ നിലപാടിനോടുള്ള കടുത്ത വിയോജിപ്പ് തുഷാർ മേത്ത പ്രകടിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് നാഗരത്ന ഇടപെട്ടത്. ആർത്തവത്തിന്റെ ആദ്യ മൂന്ന് ദിവസം തൊട്ടുകൂടായ്മയും നാലാം ദിവസം അത് മാറുന്നതുമായ ചിന്താഗതി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ആവർത്തിച്ചു. ഇതിന് മറുപടിയായാണ് ശബരിമലയിലെ ആചാരപരമായ പ്രത്യേകതകളെക്കുറിച്ച് തുഷാർ മേത്ത വിശദീകരിച്ചത്. ലോകത്തിലെ മറ്റെല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാമെന്നും ശബരിമലയിലെ സവിശേഷമായ പ്രതിഷ്ഠാ സങ്കല്പം ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു.
മതപരമായ ആചാരങ്ങൾ പാലിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും മറിച്ച് വിശ്വാസത്തോടുള്ള ആദരമാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഗുരുദ്വാരയിലോ അജ്മേർ ദർഗയിലോ തല മറയ്ക്കണമെന്ന നിബന്ധന പോലെയാണ് ശബരിമലയിലെ ആചാരവുമെന്ന് അദ്ദേഹം ഉദാഹരിച്ചു. കേസിന്റെ വസ്തുതകളിലേക്ക് നേരിട്ട് കടക്കില്ലെന്ന് വ്യക്തമാക്കിയ ഭരണഘടനാ ബെഞ്ച്, മതപരമായ ആചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള ഏഴ് സുപ്രധാന ഭരണഘടനാ ചോദ്യങ്ങളാകും വരും ദിവസങ്ങളിൽ വിശദമായി പരിശോധിക്കുക.





