Home Politics നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചു വരും, മാറ്റത്തിനായി വോട്ട് ചെയ്യൂ”; ആത്മവിശ്വാസത്തോടെ വി.ഡി. സതീശൻ!

നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചു വരും, മാറ്റത്തിനായി വോട്ട് ചെയ്യൂ”; ആത്മവിശ്വാസത്തോടെ വി.ഡി. സതീശൻ!

4
0

കേരളത്തിൽ ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിലെത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി. ജനാധിപത്യ പ്രക്രിയയിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നും ഒരാൾ പോലും വോട്ട് ചെയ്യാതെ മാറി നിൽക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക് തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് താനെന്നും അദ്ദേഹം ആവർത്തിച്ചു.

സംസ്ഥാനത്തുടനീളം ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ടർമാരുടെ വലിയ നിരയാണ് കാണപ്പെടുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ തുടങ്ങിയ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ആദ്യ രണ്ട് മണിക്കൂറിൽ 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്കുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മോഹൻലാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തുടങ്ങിയവരും അതിരാവിലെ തന്നെ പോളിംഗ് ബൂത്തുകളിലെത്തി.

തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ മുന്നണികളെല്ലാം വലിയ ആത്മവിശ്വാസത്തിലാണ്.

ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോൾ, നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് യുഡിഎഫും ഉറപ്പിച്ചു പറയുന്നു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറുകൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊതുവെ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. സ്ഥാനാർത്ഥികളെല്ലാം രാവിലെ തന്നെ സ്വന്തം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മണ്ഡല പര്യടനത്തിലേക്ക് കടന്നിരിക്കുകയാണ്.