Home Politics സഭയിൽ ഭരതനാട്യം കളിക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് അവസരം തേടുന്നത്”; മാറ്റത്തിന്റെ വിളംബരവുമായി രാജീവ് ചന്ദ്രശേഖർ!

സഭയിൽ ഭരതനാട്യം കളിക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് അവസരം തേടുന്നത്”; മാറ്റത്തിന്റെ വിളംബരവുമായി രാജീവ് ചന്ദ്രശേഖർ!

5
0

നിയമസഭയിൽ പോയി ബഹളം വെയ്ക്കാനോ സ്പീക്കറുടെ ടേബിളിൽ കയറി ഭരതനാട്യം നടത്താനോ അല്ല, മറിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ബിജെപി ജനവിധി തേടുന്നതെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത കേരളമെന്ന എൻഡിഎയുടെ കാഴ്ചപ്പാട് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തവണ കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിന്റെ ഭാവി നിർണ്ണയിക്കാനുള്ള ഈ ജനാധിപത്യ ഉത്സവത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ കമ്പ്യൂട്ടറുകൾ തകർക്കുന്ന രാഷ്ട്രീയത്തിനപ്പുറം വികസനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. കേരളം മാറണമെന്നും നിലവിലുള്ള സ്തംഭനാവസ്ഥ മാറണമെന്നും ആഗ്രഹിക്കുന്ന ജനങ്ങൾ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മെയ് നാലിന് ഫലം വരുമ്പോൾ എൽഡിഎഫിനോ യുഡിഎഫിനോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ബിജെപി കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട്ടെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഉയർന്ന വോട്ടിന് പണം നൽകിയെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇന്നത്തെ ദിവസം ഇത്തരം വിവാദങ്ങൾക്ക് മാറ്റിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പരാതികളിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ എൻഡിഎ ക്യാമ്പുകളിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും 140 മണ്ഡലങ്ങളിലും എൻഡിഎ മികച്ച പോരാട്ടമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.