ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഖ്യാതിയോടെ ക്രീസിലെത്തിയ വൈഭവ് സൂര്യവംശി, ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയെ നേരിട്ടപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുന്നു. മുംബൈ ഇന്ത്യൻസിനെതിരായ ആവേശപ്പോരാട്ടത്തിൽ ബുംറയെ സിക്സറുകൾക്ക് പറത്തി ആരാധകരെ ഞെട്ടിച്ച വൈഭവ്, മത്സരശേഷം ടീം മാനേജർ റോമി ഭിന്ദറിനോട് സംസാരിക്കവെയാണ് തന്റെ ഉള്ളിലെ ആശങ്കയും ആത്മവിശ്വാസവും പങ്കുവെച്ചത്.
മുന്നിൽ നിൽക്കുന്നത് ബുംറയെപ്പോലൊരു ഇതിഹാസതാരമായതിനാൽ നേരിടാൻ ഇറങ്ങുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നുവെന്ന് വൈഭവ് സമ്മതിച്ചു. എന്നാൽ ബൗളറുടെ പേരിനും പെരുമയ്ക്കും പകരം പന്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ശ്രമിച്ചതെന്നും തന്റെ കഴിവിൽ വിശ്വസിച്ച് ബാറ്റുവീശിയെന്നും ഈ കൗമാര താരം പറഞ്ഞു. മുംബൈക്കെതിരെ 15 പന്തിൽ 39 റൺസെടുത്ത വൈഭവ്, നേരിട്ട ആദ്യ പന്തിൽ തന്നെ ബുംറയെ സിക്സറിന് തൂക്കിയാണ് തുടങ്ങിയത്. ആ ഓവറിൽ തന്നെ ഒരു തവണ കൂടി പന്ത് അതിർത്തി കടത്താൻ താരത്തിന് സാധിച്ചു.
മികച്ച ഇന്നിങ്‌സ് പുറത്തെടുത്തെങ്കിലും മത്സരത്തിലെ തന്റെ പുറത്താകൽ വലിയ നിരാശ നൽകുന്നുണ്ടെന്ന് വൈഭവ് തുറന്നുപറഞ്ഞു.
തുടർച്ചയായ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താൻ കഴിയാതെ പോയത് തിരുത്തേണ്ടതുണ്ടെന്ന് താരം വിശ്വസിക്കുന്നു. മുംബൈക്കെതിരായ മത്സരത്തിൽ മുഴുവൻ ഓവറുകളും ക്രീസിൽ നിന്നിരുന്നെങ്കിൽ ടീമിന് കുറച്ചുകൂടി വലിയ സ്കോർ സമ്മാനിക്കാമായിരുന്നുവെന്നും അടുത്ത മത്സരത്തിൽ ഈ പിഴവ് പരിഹരിക്കുമെന്നും വൈഭവ് കൂട്ടിച്ചേർത്തു.
സഹ ഓപ്പണർ യശസ്വി ജയ്‌സ്വാളിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും വൈഭവ് സംസാരിച്ചു. പ്രത്യേക ഉപദേശങ്ങളൊന്നും നൽകാതെ ‘അടിച്ചോ’ എന്ന് മാത്രമാണ് ജയ്‌സ്വാൾ പറഞ്ഞത്. ജയ്‌സ്വാളിന്റെ തകർപ്പൻ ബാറ്റിംഗ് കണ്ട് ക്രീസിലെത്തിയതിനാൽ തന്റെ മേലുള്ള സമ്മർദ്ദം കുറവായിരുന്നു. മത്സരത്തിന് മുൻപ് പെയ്ത മഴ കാരണം കളി നടക്കില്ലെന്ന് കരുതി ഡ്രസ്സിംഗ് റൂമിലിരുന്ന് ഉറങ്ങിപ്പോയ കാര്യവും വൈഭവ് ചിരിയോടെ പങ്കുവെച്ചു. വരും മത്സരങ്ങളിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഈ യുവതാരം.





