ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരിയഡ് ഡ്രാമ ‘പള്ളിച്ചട്ടമ്പി’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടുമ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പൃഥ്വിരാജിന്റെ മാസ് ലുക്ക് പോസ്റ്റർ. ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന പൃഥ്വിരാജിന്റെ ‘പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കയ്യിൽ തോക്കേന്തി രൗദ്രഭാവത്തിൽ നിൽക്കുന്ന താരത്തിന്റെ ലുക്ക് കണ്ട ആവേശത്തിലാണ് ആരാധകർ. ഇതേ ലുക്കിൽ പൃഥ്വിയെ നായകനാക്കി ഒരു മുഴുനീള ആക്ഷൻ ചിത്രം വരണമെന്നാണ് സിനിമാപ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നത്.
1950-60 കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയിൽ ടൊവിനോയുടെ പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോഴും തിരക്കഥയ്ക്കും മേക്കിങ്ങിനും നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ പൃഥ്വിരാജിന്റെ കാമിയോ റോൾ ചിത്രത്തിന് വലിയൊരു മൈലേജ് നൽകുന്നുവെന്നാണ് പ്രേക്ഷക പ്രതികരണം. ടി.എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ഈ ചിത്രം ഡിജോ ജോസ് ആന്റണിയും സംഗീത സംവിധായകൻ ജേക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ പ്രോജക്റ്റ് കൂടിയാണ്.
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫലും ബ്രിജീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ചരൺ, ചാണുക്യ, ചൈതന്യ, തൻസീർ എന്നിവർ സഹനിർമ്മാതാക്കളായി പ്രവർത്തിക്കുന്നു. കയാദു ലോഹർ നായികയായെത്തുന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ സാന്നിധ്യം വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാവിഷയമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.






