Home Investment കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി: സിഎജി...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത; ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി വകമാറ്റി: സിഎജി റിപ്പോർട്ട് സഭയിൽ

15
0

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം പുറത്തുവിട്ടുകൊണ്ട് 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. ഓഫ് ബജറ്റ് കടമെടുപ്പുകൾ കേരളത്തിന് വലിയ തോതിൽ ബാധ്യതയാകുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നിലവിൽ 39,230 കോടി രൂപയാണ് ഓഫ് ബജറ്റ് കടബാധ്യതയായി ഉള്ളത്. ഇതിന് പുറമേ തീർപ്പാക്കാനുള്ള ബാധ്യത മാത്രം 3,511 കോടി രൂപ വരും. കിഫ്ബിയും പെൻഷൻ കമ്പനിയും സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ധനമാനേജ്‌മെന്റിൽ മുൻ സർക്കാരിന് വലിയ വീഴ്ചകൾ സംഭവിച്ചതായും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചുകാണിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയതായും റിപ്പോർട്ടിൽ വെളിപ്പെടുത്തലുണ്ട്.

സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ റവന്യൂ വരവിൽ വെറും 0.30 ശതമാനത്തിന്റെ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ വൻ കുറവുണ്ടായപ്പോൾ സംസ്ഥാനത്തിന്റെ ചെലവുകൾ 8.97 ശതമാനം വർദ്ധിക്കുകയാണുണ്ടായത്. റവന്യൂ ചെലവിന്റെ 64.40 ശതമാനവും മൊത്തം വരവിന്റെ 80 ശതമാനവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാനാണ് ഉപയോഗിക്കുന്നതെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.