Home Health ലോകഭക്ഷ്യദിനം: ആഹാരം ആരോഗ്യത്തിന്; ദീർഘായുസ്സിനും തിളങ്ങുന്ന ചർമ്മത്തിനുമായി ശീലമാക്കാം ഈ മികച്ച ഭക്ഷണരീതികൾ

ലോകഭക്ഷ്യദിനം: ആഹാരം ആരോഗ്യത്തിന്; ദീർഘായുസ്സിനും തിളങ്ങുന്ന ചർമ്മത്തിനുമായി ശീലമാക്കാം ഈ മികച്ച ഭക്ഷണരീതികൾ

5
0

ഓക്ടോബർ 16 ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ലോകഭക്ഷ്യദിനമായി ആചരിക്കുമ്പോൾ, നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. “ഇന്ന് വിപരീത ചിന്തകളിലൂടെയും നവീകരണങ്ങളിലൂടെയും മുന്നേറുക, നാളെയെ പരിപോഷിപ്പിക്കുക” (Innovate today. Nourish tomorrow) എന്നതാണ് ഈ വർഷത്തെ ലോകഭക്ഷ്യദിന സന്ദേശം. ആധുനിക ജീവിതശൈലിയിൽ ഭക്ഷണരീതികളിലുണ്ടായ മാറ്റങ്ങൾ നമ്മുടെ ശരീരാരോഗ്യത്തെ മാത്രമല്ല, ചർമ്മത്തിന്റെ ഭംഗിയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാൽ ശരിയായ ഭക്ഷണശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ രോഗങ്ങളെ ചെറുക്കാനും ആന്തരികാരോഗ്യത്തിനൊപ്പം ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും സാധിക്കും.

ആഹാരവും ആരോഗ്യവും; അറിയാം പ്രധാന ശീലങ്ങൾ

നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തിന്റെ ഊർജ്ജവും പ്രതിരോധശേഷിയും തീരുമാനിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ ജീവകങ്ങളും ധാതുക്കളും ലഭ്യമാക്കുന്നു.ദിവസവും കുറഞ്ഞത് എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും. ഇത് ദഹനവ്യവസ്ഥ സുഗമമാക്കുകയും ചർമ്മത്തിലെ ഈർപ്പം നിലനിർത്തി വാർദ്ധക്യലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു.

ദിവസവും മൂന്ന് നിറങ്ങളിലെങ്കിലുമുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഓറഞ്ച്, ബെറി പഴങ്ങൾ, തക്കാളി, ചീര എന്നിവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും വിറ്റാമിൻ ഇയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന് മനോഹരമായ ശോഭ നൽകുകയും ചെയ്യുന്നു. തവിടു കളയാത്ത ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, നട്സ്, മുട്ട, മീൻ എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ ബലത്തിനും കോശങ്ങളുടെ പുനർനിർമ്മാണത്തിനും സഹായിക്കും.

ഒഴിവാക്കേണ്ട മോശം ഭക്ഷണശീലങ്ങൾ

ആരോഗ്യമുള്ള ഒരു ശരീരത്തിനും തിളങ്ങുന്ന ചർമ്മത്തിനും നല്ല ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ ഹാനികരമായ ആഹാരരീതികൾ ഒഴിവാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

അമിതമായി എണ്ണയിലും നെയ്യിലും വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ, പ്രൊസസ്ഡ് ഫുഡ് എന്നിവ അമിതവണ്ണത്തിനും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. ഇവ ചർമ്മത്തിൽ എണ്ണമയം കൂട്ടുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും.

മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്ക്സും അമിതമായി ഉപയോഗിക്കുന്നത് പ്രമേഹത്തിന് മാത്രമല്ല, ചർമ്മത്തിലെ കൊളാജൻ നശിപ്പിച്ച് അകാല വാർദ്ധക്യത്തിനും ചുളിവുകൾക്കും വഴിതെളിക്കും.

രാത്രി വൈകി ആഹാരം കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ഉറക്കമില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് കണ്ണുകൾക്ക് താഴെ കറുപ്പ് നിറം വരുന്നതിനും ക്ഷീണം അനുഭവപ്പെടുന്നതിനും കാരണമാകുന്നു.

തിളങ്ങുന്ന ചർമ്മത്തിനായി പ്രത്യേക ശ്രദ്ധ

ചർമ്മത്തിൽ ബാഹ്യമായി പുരട്ടുന്ന ക്രീമുകളേക്കാൾ കൂടുതൽ പ്രയോജനം ചെയ്യുന്നത് ഉള്ളിലേക്ക് കഴിക്കുന്ന ഭക്ഷണങ്ങളാണ്. ആൽമണ്ട്, വാൽനട്ട് തുടങ്ങിയ നട്സുകളും ഫ്ലാക്സ് സീഡ്സും കഴിക്കുന്നത് ചർമ്മത്തിന് മൃദുത്വവും ഈർപ്പവും നൽകുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇതിനുപുറമെ മോര്, തൈര് തുടങ്ങിയ പ്രോബയോട്ടിക് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഇത് സ്വാഭാവികമായും തിളക്കമുള്ള ചർമ്മം നൽകാൻ സഹായിക്കുകയും ചെയ്യും.