2024 സെപ്റ്റംബർ 27ന് റോൾസ് റോയ്സ് മോട്ടോർ കാർസിന്റെ ഏറ്റവും പുതിയ ആഡംബര എസ് യുവി കള്ളിനൻ സീരീസ് II ഇന്ത്യയിൽ ആദ്യമായെത്തുന്നു.
“കള്ളിനൻ സീരീസ് II-ൻ്റെ ഇന്ത്യയിലെ അരങ്ങേറ്റം ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്‌സിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2018ൽ ആദ്യമായി അവതരിപ്പിച്ചതു മുതൽ ഈ കാറിന് യുവാക്കളും വൈവിധ്യമാർന്നതുമായ ഒരു പറ്റം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ് റോയ്സ് മോഡൽ കൂടിയാണ് കള്ളിനൻ. പുതിയ കള്ളിനൻ സീരീസ് II ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടേയും സൂക്ഷ്മമായ ഡിസൈൻ പുതുമകളുടേയും സമന്വയമാണ്. കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള അവസരങ്ങളുമുണ്ട്,” റോൾസ് റോയ്സ് മോട്ടോർ കാർസ് ഏഷ്യ-പസഫിക് റീജിയണൽ ഡയറക്ടർ ഐറിൻ നിക്കെയ്ൻ പറഞ്ഞു.
ലോകത്തെ ആദ്യ സൂപ്പർ ലക്ഷുറി എസ്‌യുവി എന്ന വിശേഷണവുമായി 2018ലാണ് ആദ്യമായി കള്ളിനൻ അവതരിപ്പിക്കപ്പെട്ടത്. പ്രകടനത്തിന്റെ കാര്യത്തിലും എഞ്ചിനീയറിംഗിലും ഭൂമിയിലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും മികവ് പുലർത്തുന്ന ഓഫ് റോഡ് ശേഷി ഉണ്ടായിരിക്കണമെന്നതായിരുന്നു ഈ എസ് യു വിയിലൂടെ റോൾസ് റോയ്സ് ലക്ഷ്യമിട്ടത്. അതേസമയം ഏതു തരം പാതയിലും സമാനതകളില്ലാത്ത യാത്രാ സുഖം നൽകുന്ന ‘മാജിക് കാർപെറ്റ്
റൈഡ്’ എന്ന റോൾസ് റോയ്സിന്റെ സവിശേഷത ഉറപ്പാക്കുകയും വേണമായിരുന്നു. പരുഷവും എന്നാൽ പരിഷ്കൃതവും, കരുത്തുറ്റതും എന്നാൽ ശാന്തവും, എല്ലായിടത്തും അനായാസം ഡ്രൈവ് ചെയ്യാവുന്നതുമായ തീർത്തുമൊരു സൂപ്പർ ലക്ഷുറി എസ് യു വിയിൽ കുറഞ്ഞതൊന്നുമായിരുന്നില്ല അത്. കള്ളിനന്റെ വിജയം ലോകത്തൊട്ടാകെ റോൾസ് റോയ്സിന്റെ പ്രതീക്ഷകളെ മറികടക്കുന്നതായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ് റോയ്സ് കാറാണ് കള്ളിനൻ.
പ്രതീക്ഷകളെ മറികടന്നുള്ള കള്ളിനന്റെ വിജയവും ലോകത്ത് എല്ലായിടത്തും ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച അവിശ്വനീയമാംവിധം മികച്ച സ്വീകരണവും കണക്കിലെടുത്ത് ഈ റോൾസ് റോയ്സ് എസ്‌യുവിയുടെ പുതിയ പതിപ്പ് വളരെ സൂക്ഷ്മ ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തുടനീളമുള്ള റോൾസ് റോയ്സിന്റെ സ്വകാര്യ ഓഫീസുകൾ വഴിയും കമ്പനിയുടെ സ്വന്തം രഹസ്യ വിവരശേഖരണത്തിലൂടേയും ഉപഭോക്താക്കളിൽ നിന്ന് വിശദമായി ഫീഡ്ബാക്ക് എടുത്ത്, കമ്പനിയുടെ ഡിസൈനർമാരും എഞ്ചിനീയർമാരും കരകൗശല വിദഗ്ധരും ചേർന്ന് അഞ്ചു വർഷമെടുത്താണ് പുതിയ കള്ളിനൻ ഒരുക്കിയിരിക്കുന്നത്. റോൾസ് റോയ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ സീരീസ് II വികസന പ്രക്രിയയായിരുന്നു ഇത്. മാറിക്കൊണ്ടിരിക്കുന്ന ആഡംബര ചേരുവകൾക്കും ഉപയോഗ രീതിയിലെ മാറ്റങ്ങൾക്കുമനുസരിച്ചുള്ള രൂപകൽപ്പനയ്ക്കൊപ്പം റോൾസ് റോയ്സിന്റെ സവിശേഷ ഗുണമേന്മകളും കൂടി ചേർന്നതാണ് കള്ളിനന്റെ അപ്രതീക്ഷിത സ്വീകാര്യതയ്ക്കു അടിത്തറയായത്.
റോൾസ് റോയ്സ് മോട്ടോർ കാർസ് ചെന്നൈയിലും ന്യൂഡൽഹിയിലുമാണ് കള്ളിനന്റെ പുതിയ മോഡലുകൾ ലഭ്യമാകുക. കള്ളിനൻ സീരീസ് II, ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II എന്നീ രണ്ട് വേരിയന്റുകളാണുള്ളത്. കള്ളിനൻ സീരീസ് IIൻ്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 10.50 കോടി രൂപ മുതലാണ്. ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II-ൻ്റെ വില ആരംഭിക്കുന്നത് 12.25 കോടി രൂപ മുതലാണ്. ഈ വർഷം അവസാന പാദത്തോടെ ഡെലിവറി ആരംഭിക്കും. ഉപഭോക്താക്കളുടെ സവിശേഷ ആവശ്യങ്ങൾക്കനുസരിച്ചാണ് റോൾസ് റോയ്സ് വില നിശ്ചയിക്കുന്നത്. ഓരോ റോൾസ് റോയ്സ് കാറിനും അന്തിമരൂപം നൽകുന്നത് ഉപഭോക്താവിന്റെ ഇഷ്ടാനുസരണമാണ്.
നഗരങ്ങൾ വാഴുന്ന കള്ളിനൻ
ഒരു റോൾസ് റോയ്സ് കാറിൽ ഉടമ ഒരിക്കലും പോയിട്ടില്ലാത്ത ഇടങ്ങളിലേക്ക് എത്തിച്ചു കൊണ്ട് കള്ളിനൻ തുടക്കം മുതൽ തന്നെ ഏറ്റവും മികച്ച ഒരു ഓഫ് റോഡ് മോട്ടോർ കാർ
എന്ന അതിന്റെ ലക്ഷ്യം നിറവേറ്റിയിട്ടുണ്ട്. വൈവിധ്യവും എല്ലായിടത്തും ആയാസരഹിത ഡ്രൈവിങ് അനുഭവവും ലഭിച്ചതോടെ പല ഉടമകളും കള്ളിനനെ ഒരു ഡെയ്ലി ഡ്രൈവറാക്കി മാറ്റി. കള്ളിനൻ്റെ 6.75-ലിറ്റർ V12 എഞ്ചിന് സമാനമായ അനായാസ പ്രകടനം മറ്റൊരു എസ്‌യുവിയും നൽകുന്നില്ലെന്ന് നിരവധി ഉടമസ്ഥർ റോൾസ് റോയ്‌സിനോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് കള്ളിനൻ സീരീസ് II വിഭാവനം ചെയ്തിരിക്കുന്നത്.
വർധിച്ചുവരുന്ന റോൾസ് റോയ്സ് ഉടമസ്ഥരെല്ലാം നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് കമ്പനിയുടെ ഗവേഷണ സംഘത്തിന്റെ നിരീക്ഷണം. ഇവയിൽ ലോകത്തെ മഹാ നഗരങ്ങൾ തൊട്ട് അതിവേഗം വളർന്നു വരുന്ന നഗരങ്ങൾ വരെ ഉൾപ്പെടും. ഇതു കണക്കിലെടുത്ത്, ഉടമകളുടെ പദവിയും നിലയും കാണിക്കുന്ന, എന്നാൽ എപ്പോൾ വേണമെങ്കിലും കാടും മലയും കയറാൻ ശേഷിയുള്ള ഒരു സൂപ്പർ ലക്ഷ്വറി കാറായാണ് കള്ളിനൻ അതിന്റെ ഉടമസ്ഥരെ സേവിക്കുന്നത്. പുതിയ പതിപ്പിനു വേണ്ടി കമ്പനി നടത്തിയ പഠനത്തിൽ കള്ളിനൻ ഡ്രൈവ് ചെയ്യുന്നവരിൽ മറ്റൊരു കാര്യവും കൂടി ശ്രദ്ധയിൽപ്പെട്ടു. ആദ്യമായി കള്ളിനൻ അവതരിപ്പിച്ചപ്പോൾ 70 ശതമാനം ഉടമകളും സ്വയം ഡ്രൈവ് ചെയ്യുന്നവരായിരുന്നു. എന്നാൽ ഇന്ന് ഏതാണ്ട് എല്ലാ ഉടമകളും സ്വയം ഡ്രൈവ് ചെയ്യുന്നവരായി മാറി. 10 ശതമാനത്തിൽ താഴെ ഉടമകൾ മാത്രമാണ് ഒരു ഡ്രൈവറുടെ സേവനം നിലനിർത്തുന്നുള്ളൂ. ബ്രാൻഡിൻ്റെ പുനരുജ്ജീവനത്തിനൊപ്പം ഇഷ്ടാനുസരണം കാറിനെ ഒരുക്കാവുന്ന ബെസ്പോക്ക് ഓഫറും കൂടി ചേർന്നപ്പോൾ ഉപഭോക്താക്കളുടെ ശരാശരി പ്രായത്തിലും കുറവുണ്ടായി. ഒരു റോൾസ് റോയ്സ് ഉടമയുടെ ശരാശരി പ്രായം 2010ൽ 56 വയസ്സായിരുന്നത് ഇന്ന് 43 ആയി കുറയുന്നതിൽ കള്ളിനൻ നിർണായക പങ്കുവഹിച്ചു.
കള്ളിനൻ സീരീസ് II-ന്റെ പുറംമോടി വിശദാംശങ്ങളും പുറംകാഴ്ചകളും നഗരങ്ങളേയും പ്രായം കുറഞ്ഞ ഉടമസ്ഥരേയും അതോടൊപ്പം സ്വയം ഡ്രൈവ് ചെയ്യാനുള്ള താൽപര്യം കൂടി വരുന്നതും കണക്കിലെടുത്താണ് ഒരുക്കിയിരിക്കുന്നത്. വൻനഗരങ്ങളിലെ മിന്നുന്ന അംബരചുംബികളെ അനുസ്മരിപ്പിക്കുന്ന ലംബ ക്രമീകരണങ്ങളാണ് പ്രധാന തീം. ലൈറ്റുകളുടെ ക്രമീകരണത്തിൽ ഇത് വളരെ വ്യക്തമാണ്. ഏതു പകലിലും രാത്രിയിലും കള്ളിനൻ സീരീസ് IIനെ വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് ഡേ ടൈം റണ്ണിംഗ് ലൈറ്റ് ഗ്രാഫിക്സ്.
ഉപഭോക്താക്കളുടെ ആഗ്രഹത്തിനൊത്ത് കൂടുതൽ ബോൾഡ് ആയ ഡിസൈനുകളും നൂതന അലങ്കാരങ്ങളുമായാണ് ഇന്റീരിയറിലുടനീളം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഡാഷ്‌ബോർഡിൻ്റെ മുകൾ ഭാഗത്തുള്ള പില്ലർ-ടു-പില്ലർ ഗ്ലാസ്-പാനലാണ്. ഡിജിറ്റലും ഫിസിക്കലുമായ കരകൗശലത്തിന്റെ വൈവിധ്യമാര്‍ന്നൊരു ഡിസൈന്‍.
കണക്റ്റിവിറ്റിയിലും പുതിയ പരിഷ്കാരങ്ങളുണ്ട്. പ്രത്യേകിച്ച് പിൻസീറ്റിലുള്ളവർക്ക്. പിൻ സ്‌ക്രീനുകളിലേക്ക് രണ്ട് സ്ട്രീമിംഗ് ഉപകരണങ്ങൾ വരെ കണക്‌റ്റ് ചെയ്യാൻ കഴിയും. കാർ മാനേജ്‌മെൻ്റ് സ്ട്രീം ചെയ്യാനും മസാജ്, ഹീറ്റിംഗ്, കൂളിംഗ് പോലുള്ള സീറ്റിംഗ് ഫംഗ്‌ഷനുകൾക്കുമായി ഒരു ബെസ്‌പോക്ക് ഇൻ്റർഫേസും സംയോജിപ്പിച്ചിരിക്കുന്നു.
ഒരു വൈ-ഫൈ ഹോട്ട് സ്പോട്ട് കണക്ഷനായാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകിയിരിക്കുന്നത്. യാത്രാക്കാർക്ക് ഓരോ സ്ക്രീനിലും സ്വതന്ത്രമായി സ്ട്രീമിങ് ആസ്വദിക്കാനാകും. ഏതു തരം ബ്ലുടൂത്ത് ഹെഡ്ഫോണും പിൻസീറ്റ് ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായും റോൾസ് റോയ്സിന്റെ 18-സ്പീക്കർ ബെസ്പോക് ഓഡിയോ സിസ്റ്റവുമായും കണക്ട് ചെയ്യാം. ഏറ്റവും പുതിയ തലമുറ 18-ചാനൽ 1400-വാട്ട് ആപ്ലിഫയറാണ് ഈ സിസ്റ്റത്തിലുള്ളത്. കമ്പനിയുടെ ഈ സ്പീക്കർ ആർക്കിടെക്ചർ സംവിധാനം കാറിനെ തന്നെ ഒരു സബ് വൂഫറാക്കി മാറ്റുന്നു.
യാത്രക്കാരൻ്റെ നേരെ മുന്നിൽ ഒരു ഇലുമിനേറ്റഡ് ഫാസിയ പാനൽ നൽകിയിരിക്കുന്നു. ഈ ആധുനിക കരകൗശല ആവിഷ്കാരം ഗോസ്റ്റിലാണ് ആദ്യം വന്നത്. പിന്നീട് സ്പെക്ടറിലും. ഇപ്പോൾ ആദ്യമായി കള്ളിനനിലും എത്തിയിരിക്കുന്നു. പ്രകാശിക്കുന്ന കള്ളിനൻ വേഡ്മാർക്കും മഹാനഗരങ്ങളിലെ രാത്രിയെ അനുസ്മരിപ്പിക്കുന്ന സിറ്റിസ്കേപ്പ് ഗ്രാഫിക്സുമാണിതിന് മിഴിവേറ്റുന്നത്. ഡാർക്ക് ടഫൻഡ് സെക്യൂരിറ്റി ഗ്ലാസിനു പിന്നിൽ ലേസർ ചെയ്ത 7000 ഡോട്ടുകൾ കൊണ്ടാണ് ഈ രൂപകൽപ്പന. കമ്പനിയുടെ ബെസ്പോക് ഡിസൈർമാരുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരം സ്വന്തമായി ഈ ഇലുമിനേറ്റഡ് ഫാസിയ രൂപകൽപ്പന ചെയ്യാനും കഴിയും.
ഇൻ്റീരിയറിൽ റോൾസ് റോയ്സിന്റെ ഐക്കണിക് മുദ്രയായ സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി ഉൾപ്പെടുത്തുന്നത് നാല് വർഷത്തെ ശ്രമ ഫലമാണ്. അനലോഗ്, ഡിജിറ്റൽ കരകൗശല വിദഗ്ധരുടെ സവിശേഷ പങ്കാളിത്തത്തോടെയാണ് സൂക്ഷ്മമായ ലൈറ്റ് ക്രമീകരണങ്ങളൊരുക്കിയത്. കാറിൽ പ്രവേശിക്കുമ്പോൾ ഡ്രൈവറുടെ ഡിസ്‌പ്ലേയുടെ പ്രകാശിക്കുന്നതു മുതലാണ് ഇതു തുടങ്ങുന്നത്. തുടർന്ന് സെൻട്രൽ ഇൻഫർമേഷൻ ഡിസ്‌പ്ലേ, ഇല്യൂമിനേറ്റഡ് ഫാസിയ, പിന്നീട് ഗ്ലാസ് പാനലിലേക്ക് പടരുകയും ടൈംപീസ് പ്രകാശിപ്പിക്കുകയും ചെയ്യുന്നു. സ്പിരിറ്റ് ഓഫ് എക്സ്റ്റസി ആദ്യം താഴെ നിന്ന് പ്രകാശിച്ച് ഒരു സ്പോട്ട്ലൈറ്റിനെ അനുസ്മരിപ്പിച്ച് പിന്നീട് സ്റ്റേജ് ലൈറ്റിംഗ് മിതമായ തിളങ്ങി നിൽക്കും.
കള്ളിനൻ സീരീസ് II: ഒരു പൈതൃകം
ധീരരും വിട്ടുവീഴ്ചയില്ലാത്തവരുമായ ഒരു സൂപ്പർ ലക്ഷ്വറി തലമുറ ഉപഭോക്താക്കളുമായി ചേർന്ന് കള്ളിനൻ റോൾസ് റോയ്സിനു വേണ്ടി ഒരു പൈതൃകമാണ് സഷ്ടിച്ചത്. ഈ
അടിത്തറയിലാണ് കള്ളിനൻ സീരീസ് II വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നത്. ഉപഭോക്താക്കളുമായി സഹകരിച്ച് മികച്ച സമകാലിക കരകൗശല വൈദഗ്ധ്യത്തിന്റെ പിൻബലത്തോടെയാണ് ഈ ബ്രാൻഡിന്റെ ഭാവി രൂപപ്പെടുത്തുക എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് റോൾസ് റോയ്സ്.