Home Business 2024ല്‍ ഇന്ത്യയിലെ വനിത നാവികരുടെ എണ്ണം 45 ശതമാനം: മെഴ്സ്ക് ഇക്വല്‍ അറ്റ് സീ...

2024ല്‍ ഇന്ത്യയിലെ വനിത നാവികരുടെ എണ്ണം 45 ശതമാനം: മെഴ്സ്ക് ഇക്വല്‍ അറ്റ് സീ ലക്ഷ്യത്തിലേക്ക്

0
24

കൊച്ചി: നോട്ടിക്കല്‍, എഞ്ചിനീയറിംഗ് കേഡറ്റ് പ്രവേശനത്തില്‍ 2027ഓടെ ആണ്‍ പെണ്‍ തുല്യത 50 ശതമാനം ഉറപ്പാക്കുന്നതിനായി ആഗോള ലോജിസ്റ്റിക്സ് മേഖലയിലെ മുന്‍നിരക്കാരായ എ.പി. മൊള്ളര്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന ‘ഇക്വല്‍ അറ്റ് സീ’ പദ്ധതി ലക്ഷ്യത്തിലേക്ക് അടുക്കുന്നു. 2027ലാണ് ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിച്ചതെങ്കിലും 2024ല്‍ തന്നെ 45ശതമാനം കേഡറ്റുകളും വനിതകളായി. മുംബൈയില്‍ നടന്ന ഇക്വല്‍ അറ്റ് സീ കോണ്‍ഫറന്‍സിലാണിത് പ്രഖ്യാപിച്ചത്.

2022-ല്‍ ആരംഭിച്ച ‘ഇക്വല്‍ അറ്റ് സീ’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാവികര്‍ക്കിടയില്‍ ലിംഗസമത്വം എന്ന മെഴ്സ്ക്കിന്‍റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനൊപ്പം തൊഴില്‍ മേഖലയിലെ പുതിയ സംസ്ക്കാരത്തിനു കൂടയാണ് കമ്പനി തുടക്കമിടുന്നത്.

സമീപ കാലത്തു കൂടുതല്‍ കേഡറ്റുകള്‍ വന്നതോടെ ഇന്ത്യന്‍ വനിത നാവികരുടെ എണ്ണം 350ആയി ഉയര്‍ന്നു. 2021ല്‍ ഇത് 41ആയിരുന്നു. ഇന്ത്യയിലെ മെഴ്സ്കിന്‍റെ നാവികരുടെ എണ്ണത്തിലെ വൈവിധ്യം മെച്ചപ്പെടുത്തുന്നതിന് ഇത് ഗണ്യമായ സംഭാവന നല്‍കി. ഈ വര്‍ഷത്തെ ഇന്‍റേക്കില്‍ വനിതാ കേഡറ്റുകളുടെ ആകെ ശതമാനം 45 ആണ്. നോട്ടിക്കല്‍ വിഭാഗത്തില്‍ മാത്രമായി 50 ശതമാനമെന്ന ലക്ഷ്യവും കൈവരിച്ചു. 2023ല്‍ 21 വനിതാ ട്രെയിനികളുമായി ആരംഭിച്ച ‘ഇക്വല്‍ അറ്റ് സീ’ പദ്ധതിയില്‍ ഇന്ന് 70 വനിതകളാണ് പരിശീലനം നേടുന്നത്.

സമുദ്രത്തിന് ആണ്‍-പെണ്‍ വ്യത്യാസം ഇല്ലെന്നും ഒരു കോഴ്സ് തന്നെ ആരംഭിച്ചുള്ള മെഴ്സ്ക്കിന്‍റെ ഈ പ്രവര്‍ത്തനം സമത്വത്തിലുപരി ഈ മേഖലയില്‍ വലിയ നവീകരണവും കുതിച്ചു ചാട്ടവും ഉണ്ടാക്കുമെന്ന് ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് സ്ഥാനപതി ഫ്രെിഡി സ്വാന്‍ പറഞ്ഞു. സമുദ്ര രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും ഡെന്മാര്‍ക്കും ഈ മാറ്റത്തിന് വലിയ പിന്തുണ നല്‍കണം. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ആഗോള ഷിപ്പിംഗ് സമൂഹത്തെ ശക്തിപ്പെടുത്താനും പുരോഗതി കൈവരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലിലെ ലിംഗസമത്വം എന്ന മെഴ്സ്ക്കിന്‍റെ ലക്ഷ്യം ഇതിനകം തന്നെ 45 ശതമാനത്തിലെത്തി എന്നത് അഭിമാനകരമാണെന്ന് മെഴ്സ്ക്ക് ഏഷ്യ മറൈന്‍ പീപ്പിള്‍ മേധാവി കരണ്‍ കൊച്ചര്‍ പറഞ്ഞു. ഈ സംരംഭത്തിലൂടെ നിരവധി വനിതകള്‍ കടല്‍ യാത്രയെ തൊഴിലായി സ്വീകരിച്ചു. പുതുതായി എത്തുന്നവരെ ഈ മേഖലയില്‍ തന്നെ നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര സമത്വം: ഓണ്‍ബോര്‍ഡിങ്ങിനപ്പുറം, സീ സൈഡ് ചാറ്റ് വുമണ്‍ ഓണ്‍ ബോര്‍ഡ്: മിഥ്യയോ യാഥാര്‍ത്ഥ്യമോ എന്നീ വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തത്. കൂടാതെ വിമന്‍ ഇന്‍ മാരിടൈം അസോസിയേഷന്‍റെ സെഷനും ഉണ്ടായിരുന്നു. സമുദ്ര വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനായി മെഴ്സ്ക് നടത്തുന്ന വിവിധ സംരംഭങ്ങളുടെ പുരോഗതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ഇന്ത്യയിലെ ‘ഇക്വല്‍ അറ്റ് സീ’ പദ്ധതി ആഗോള തലത്തിലും മികച്ച സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. മെഴ്സ്കിന്‍റെ കപ്പലുകളിലെ വനിതാ നാവികരുടെ എണ്ണം 2021ല്‍ 295 ആയിരുന്നത് ഇന്ന് 650ലധികം ആയി ഉര്‍ന്നു. മെഴ്സ്കിന്‍റെ ആഗോള നാവിക സംഘത്തിലെ സ്ത്രീകളുടെ എണ്ണം 2022ലെ 2.3 ശതമാനത്തില്‍ നിന്നും 2024ല്‍ 5.5 ശതമാനമായും ഉയര്‍ന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ മെഴ്സ്കിന്‍റെ ‘ഇക്വല് അറ്റ് സീ’ പദ്ധതിയിലൂടെ സാധിച്ചു.