Home Business എന്‍പിഎസിലേക്ക് പണമടക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഇന്‍ര്‍ ഓപ്പറേറ്റബിലിറ്റി, ലളിതമായ അംഗീകാരം നല്‍കല്‍, ഡിജിറ്റല്‍ സൗകര്യം തുടങ്ങിയവ...

എന്‍പിഎസിലേക്ക് പണമടക്കുന്ന ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഇന്‍ര്‍ ഓപ്പറേറ്റബിലിറ്റി, ലളിതമായ അംഗീകാരം നല്‍കല്‍, ഡിജിറ്റല്‍ സൗകര്യം തുടങ്ങിയവ അനുഭവിക്കാം

18
0

കൊച്ചി:  നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍പിസിഐ ഭാരത് ബില്‍പേ (എന്‍ബിബിഎല്‍)  പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റിയുമായി (പിഎഫ്ആര്‍ഡിഎ) സഹകരിച്ച് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തെ (എന്‍പിഎസ്) ഭാരത് കണക്ട് പ്ലാറ്റ്ഫോമില്‍ (നേരത്തെ ബിബിപിഎസ് എന്ന് അറിയപ്പെട്ടിരുന്നു) ബില്ലര്‍ വിഭാഗമായി സംയോജിപ്പിക്കുന്നതായി പ്രഖ്യാപിച്ചു

വ്യക്തിഗത നിക്ഷേപകര്‍ക്ക് തങ്ങളുടെ നിലവിലുള്ള എന്‍പിഎസ് അക്കൗണ്ടുകളിലേക്ക് ഭാരത് കണക്ട് സൗകര്യമുള്ള സംവിധാനങ്ങള്‍ വഴി പണമടക്കാന്‍ ഇതു സഹായകമാകും.   ഭീം, ഫോണ്‍പേ, മൊബിക്വിക്, കോട്ടക് മഹീന്ദ്രയുടെ നെറ്റ് ബാങ്കിങ് സംവിധാനം തുടങ്ങിയവയില്‍ ഇത് ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുണ്ട്. മറ്റ് നിരവധി പങ്കാളികള്‍ ഉടന്‍ ഈ രംഗത്തേക്ക് എത്തുകയും ചെയ്യും.  ആക്സിസ് ബാങ്കിനെ ബില്ലര്‍ ഓപറേറ്റിങ് യൂണിറ്റ് ആയും എസ്ഇടിയുവിനെ സാങ്കേതികവിദ്യാ സേവന ദാതാവായും സഹകരിപ്പിക്കുന്ന എന്‍ബിബിഎല്ലിന്‍റെ നീക്കം എന്‍പിഎസ് ഭാരത് കണക്ടുമായി സംയോജിപ്പിക്കുന്ന നീക്കത്തില്‍ നിര്‍ണായക പങ്കാണു വഹിച്ചത്.

എണ്ണത്തിന്‍റെ കാര്യത്തിലും മൂല്യത്തിന്‍റെ കാര്യത്തിലും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് എന്‍പിഎസ് കൈവരിച്ചത് ഈ കാലയളവില്‍ ഉപഭോക്താക്കളുടെ എണ്ണവും സംഭാവനയും വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 30 ശതമാനം വര്‍ധിച്ചു. 2024 സെപ്റ്റംബറിലെ കണക്കു പ്രകാരം 38.25 ലക്ഷം റീട്ടെയില്‍ എന്‍പിഎസ് അക്കൗണ്ടുകളും 21.29 ലക്ഷം കോര്‍പറേറ്റ് അക്കൗണ്ടുകളും 94.15 സര്‍ക്കാര്‍ അക്കൗണ്ടുകളുമാണുള്ളത്.

എന്‍പിഎസ് ഭാരത് കണക്ടുമായി സംയോജിപ്പിക്കുന്നതു വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ പെയ്മെന്‍റ് ആപുകള്‍ വഴി ലളിതമായി നിക്ഷേപം നടത്താനാവും.  അംഗീകാരം നല്‍കാനായി ലളിതവല്‍ക്കരിച്ച യൂസര്‍ ഇന്‍റര്‍ഫെയ്സ്, ഇന്‍റര്‍ ഓപറേറ്റബിലിറ്റി, വിവിധ ചാനലുകളും പണമടക്കല്‍ രീതികളും പ്രയോജനപ്പെടുത്താനുള്ള സൗകര്യം തുടങ്ങിയവയും ലഭിക്കും.  പരാതികള്‍, സഹായം എന്നിവയ്ക്കായുള്ള പോര്‍ട്ടലിലൂടെ അതിവേഗ സേവനങ്ങളും ഇതിനു പുറമെ ഉപഭോക്താക്കള്‍ക്കു ലഭിക്കും.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പെന്‍ഷന്‍ അടക്കല്‍ ലളിതവല്‍ക്കരിക്കുക എന്ന തങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍പിസിഐ ഭാരത് ബില്‍പേയുമായുള്ള സഹകരണം സഹായിക്കുമെന്ന് പിഎഫ്ആര്‍ഡിഎ ചെയര്‍മാന്‍ ഡോ. ദീപക് മൊഹന്തി പറഞ്ഞു.  സംഭാവന നല്‍കന്ന രീതി കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരിച്ചതോടെ എന്‍പിഎസ് ഉപഭോക്താക്കളുടെ നിക്ഷേപ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പടുത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. ഭാരത് കണക്ട് വഴിയുള്ള മെച്ചപ്പെടുത്തിയ തെരഞ്ഞെടുപ്പു രീതികള്‍, ഫ്രണ്ട് എന്‍ഡ് സംവിധാനം തുടങ്ങിയവ ആത്മവിശ്വാസത്തോടെ തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ആസൂത്രണം ചെയ്യാന്‍ വേണ്ടി എന്‍പിഎസ് സ്വീകരിക്കാന്‍ വ്യക്തികളെ പ്രോല്‍സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് കണക്ട് സംവിധാനത്തില്‍ എന്‍പിഎസ് സംയോജിപ്പിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് എന്‍ബിബിഎല്‍ സിഇഒ നൂപര്‍ ചതുര്‍വേദി പറഞ്ഞു.  നൂറുകണക്കിനു സംവിധാനങ്ങളിലൂടെ കൂടതല്‍ സൗകര്യപ്രദമായി പെന്‍ഷന്‍ അടക്കാന്‍ പിഎഫ്ആര്‍ഡിഎയുമായുള്ള ഈ സഹകരണം സഹായകമാകും. എല്ലാ ജനങ്ങളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍  തടസങ്ങളില്ലാത്ത, സുരക്ഷിതമായ, വിവിധ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പെയ്മെന്‍റ് അനുഭവങ്ങള്‍ പ്രദാനം ചെയ്യാനുള്ള തങ്ങളുടെ ലക്ഷ്യവുമായി ഒത്തു പോകുന്നതാണ് ഇത്. അവശ്യ സാമ്പത്തിക സേവനങ്ങളില്‍ എല്ലാവരേയും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ ഈ നീക്കം ദശലക്ഷക്കണക്കിന് എന്‍പിഎസ് വരിക്കാര്‍ക്ക് ഭാവിയില്‍ തങ്ങളുടെ താല്‍പര്യമനുസരിച്ചുള്ള സംവിധാനങ്ങളിലൂടെ അടവു നടത്താന്‍ ഇതു സഹായിക്കുമെന്നും നൂപര്‍ ചതുര്‍വേദി പറഞ്ഞു.

തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ ആക്സിസ് ബാങ്ക് എന്നും മുന്‍നിരയിലാണെന്ന് ഈ സഹകരണത്തെ കുറിച്ചു സംസാരിക്കവെ ആക്സിസ് ബാങ്ക് ഹോള്‍സെയില്‍ ബാങ്കിങ് പ്രൊഡക്ട് മേധാവിയും പ്രസിഡന്‍റുമായ വിവേക് ഗുപ്ത പറഞ്ഞു.  അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചു തങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയാണ്.  ഭാരത് കണക്ടുമായും സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സികളുമായും സംയോജിത സംവിധാനങ്ങളുമായെത്തുന്ന ഇന്ത്യയിലെ ഏക ബാങ്കാണ് തങ്ങള്‍ എന്നത് അഭിമാനകരമാണ്.   ഇതുവഴി എന്‍പിഎസിലേക്ക് സൗകര്യപ്രദമായി നിക്ഷേപിക്കാനും റിട്ടയര്‍മെന്‍റ് സുരക്ഷിതമാക്കാനും സാധിക്കും. ഈയൊരു മുഖ്യ ദേശീയ നിര്‍മാണ നീക്കത്തിനായി സംഭാവന ചെയ്യാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രൊടീന്‍,  കെഫിന്‍ടെക്, കാംസ് എന്നിവ അടക്കം എല്ലാ കേന്ദ്ര റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സികളേയും ഭാരത് കണക്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത് നിലവിലെ എല്ലാ എന്‍പിഎസ് വരിക്കാര്‍ക്കും ഭാരത് കണക്ട് വഴി തടസങ്ങളില്ലാതെ നിക്ഷേപം നടത്താനാവുമെന്ന് ഉറപ്പാക്കുന്നു.