Home Uncategorized ഷോൺ റോജർക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയിൽ

ഷോൺ റോജർക്ക് സെഞ്ച്വറി, കേരളം ശക്തമായ നിലയിൽ

15
0

സി കെ നായിഡു ക്രിക്കറ്റ് ട്രോഫിയിൽ ചണ്ഡീഗഢിനെതിരെ കേരളം ശക്തമായ നിലയിൽ. ഷോൺ റോജറുടെ സെഞ്ച്വറിയാണ് കേരള ഇന്നിങ്സിന് കരുത്തായത്. ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ്. കളി നിർത്തുമ്പോൾ 135 റൺസോടെ ഷോൺ റോജറും ഒൻപത് റൺസോടെ ഏദൻ ആപ്പിൾ ടോമും ആണ് ക്രീസിൽ.

ടൂർണ്ണമെന്‍റിലെ തങ്ങളുടെ ആദ്യ മല്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സ് തുറന്ന ക്യാപ്റ്റൻ അഭിഷേക് നായരും റിയ ബഷീറും ചേർന്ന് കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത റിയ ബഷീറാണ് ആദ്യം മടങ്ങിയത്. തൊട്ടു പിറകെ അഞ്ച് റൺസെടുത്ത ആകർഷിൻ്റെയും 41 റൺസെടുത്ത അഭിഷേക് നായരുടെയും വിക്കറ്റുകളും കേരളത്തിന് നഷ്ടമായി.

തുടരെ മൂന്ന് വിക്കറ്റുകൾ വീണ് തകർച്ച മുന്നിൽക്കണ്ട കേരളത്തിന് തുണയായത് ഒരറ്റത്ത് ഉറച്ച് നിന്ന ഷോൺ റോജറുടെ ഇന്നിങ്സാണ്. ഏറെക്കുറെ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഷോൺ അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. ചായക്ക് ശേഷം കളി പുനരാരംഭിച്ചയുടൻ തന്നെ ഷോൺ സെഞ്ച്വറി പൂർത്തിയാക്കി. 11 ഫോറും മൂന്ന് സിക്സുമടക്കം 135 റൺസുമായി ഷോൺ പുറത്താകാതെ നില്ക്കുകയാണ്. വരുൺ നായനാരും രോഹൻ നായരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും ഏഴാമനായെത്തിയ ആസിഫ് അലിയുടെ പ്രകടനം ഷോണിന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്തു. 74 റണ്‍സാണ് ആസിഫ് അലി നേടിയത്.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇവ് രാജ് റണൌത്തയാണ് ചണ്ഡീഗഢ് ബൌളിങ് നിരയിൽ മികച്ച പ്രകടനം കാഴ്ച വച്ചത്. ഹർഷിത് രണ്ട് വിക്കറ്റ് വീഴ്ത്തി.