Home Sports യുവകായികതാരം അഭിയക്ക് സഹായ ഹസ്തവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; സ്‌പോര്‍ട്‌സ് കിറ്റും സ്‌കോളര്‍ഷിപ്പും കൈമാറി

യുവകായികതാരം അഭിയക്ക് സഹായ ഹസ്തവുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; സ്‌പോര്‍ട്‌സ് കിറ്റും സ്‌കോളര്‍ഷിപ്പും കൈമാറി

7
0

കൊച്ചി: ദേശിയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റും പ്രതിമാസ സ്‌കോളര്‍ഷിപ്പും സമ്മാനിച്ച് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. എറണാകുളത്ത് നടന്ന സംസ്ഥാന കായികമേളയുടെ വേദിയില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറി.

ഇതോടൊപ്പം അഭിയയ്ക്ക് വാഗ്ദാനം ചെയ്ത സ്‌കോളര്‍ഷിപ്പും ബാങ്ക് വഴി ട്രാന്‍ഫര്‍ ചെയ്തതായും സുസാന മുത്തൂറ്റ് അറിയിച്ചു. ഭുവനേശ്വറിലെ കായികമേളയില്‍ മകളെ പങ്കെടുപ്പിക്കാന്‍ ആകെയുണ്ടായിരുന്ന സ്വര്‍ണവള പണയം വെച്ച മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സഹായഹസ്തവുമായി എത്തിയത്. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ജിജിമോൻ്റെയും അന്നമ്മ ജിജിയുടെയും മകളായ അഭിയ ആന്‍ ജിജി സെന്റ്. ആന്റണീസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അഭിയയുടെ വീടിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ നടപടി ആരംഭിച്ചതായും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ യുതകായിക താരങ്ങളുടെ സ്വപ്‌നം തകരുന്നത് അംഗീകരിക്കാനാവില്ലെന്നും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് എല്ലാ പിന്തുണയും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്നും സുസാന മുത്തൂറ്റ് പറഞ്ഞു.ഫോട്ടോ- മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുസാന മുത്തൂറ്റ് അഭിയയ്ക്ക് സ്‌പോര്‍ട്‌സ് കിറ്റ് കൈമാറുന്നു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി,മുത്തൂറ്റ് വോളിബോള്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ബാബു എന്നിവര്‍ സമീപം.