Home Sports സഞ്ജുവിന്റെ സൂപ്പർ ഹീറോയിസം; ഇന്ത്യയ്ക്ക് സെമി ഉറപ്പ്

സഞ്ജുവിന്റെ സൂപ്പർ ഹീറോയിസം; ഇന്ത്യയ്ക്ക് സെമി ഉറപ്പ്

10
0

കൊൽക്കത്ത: 2026 ടി20 ലോകകപ്പിൻ്റെ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത‍്യ. വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത‍്യ സെമി ബെർത്ത് ഉറപ്പിച്ചത്. നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ തീപ്പൊരി പ്രകടനമാണ് ഇന്ത‍്യൻ ടീമിന്‍റെ വിജയത്തിൽ നിർണായകമായത്.

നിശ്ചിത 20 ഓവറിൽ വെസ്റ്റ് ഇൻഡീസ് അടിച്ചെടുത്ത 195 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 19.2 ഓവറിൽ മറികടന്നാണ് വിജയം കണ്ടത്. 26 പന്തിൽ നിന്നും അർധസെഞ്ചുറി നേടിയ സഞ്ജു പുറത്താവാതെ 97 റൺസാണ് അടിച്ചു കൂട്ടിയത്. 50 പന്തിൽ 12 ബൗണ്ടറിയും 4 സിക്സും അടങ്ങുന്നതായിരുന്നു ബാറ്റിങ് പ്രകടനം.

സഞ്ജുവിനു പുറമെ തിലക് വർമ 15 പന്തിൽ 27 റൺസും ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് 16 പന്തിൽ 18 റൺസും നേടി പുറത്തായി. അഭിഷേക് ശർമയും (10), ഇഷാൻ കിഷനും (10) തിളങ്ങിയില്ല. തിലക് വർമ റൺസ് ഉയർത്തി അടി തുടങ്ങിയെങ്കിലും അധിക നേരം ക്രീസിൽ നിന്നില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മികച്ച തുടക്കമാണ് സഞ്ജു നൽകിയത്. അഭിഷേകിനെ കാഴ്ചക്കാരനാക്കി നിർത്തി സഞ്ജു തുടക്കം മുതൽ വെസ്റ്റ് ഇൻഡീസ് ബൗളർമാരെ ആക്രമിച്ച് കളിച്ചു. എന്നാൽ, ടീം സ്കോർ 29ൽ നിൽക്കെ അഭിഷേക് ശർമ പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.

മൂന്നാമനായെത്തിയ ഇഷാൻ കിഷൻ വമ്പൻ അടിക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞപ്പോഴും സഞ്ജു കണക്കു കൂട്ടി ക്രീസിൽ നിലയുറപ്പിച്ചു. മൂന്നാം വിക്കറ്റിൽ സൂര‍്യകുമാറിനൊപ്പം 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയത്തോടെ ടീം സ്കോർ ഉയർന്നു. തുടർന്ന് സൂര‍്യയെ ഷമാർ ജോസഫും തിലകിനെ ജേസൺ ഹോൾഡറും ഗ‍്യാലറിയിലേക്ക് പറഞ്ഞയച്ചു.

കളി ഫിനിഷ് ചെയ്യാനെത്തിയ ഹാർദിക് പാണ്ഡ‍്യ 14 പന്തിൽ 17 റൺസെടുത്ത് മടങ്ങി. തുടർന്ന് സഞ്ജുവും ശിവം ദുബെയും (4 പന്തിൽ 8*) ചേർന്ന് മത്സരം ഫിനിഷ് ചെയ്തു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് അടിച്ചെടുത്തു. 25 പന്തിൽ 40 റൺസ് അടിച്ചെടുത്ത റോസ്റ്റൺ ചേസാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ. ചേസിനു പുറമെ ക‍്യാപ്റ്റൻ ഷായ് ഹോപ്പ് 33 പന്തിൽ 32 റൺസ് നേടി പുറത്തായി.

ഇന്ത‍്യക്കു വേണ്ടി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ‍്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് മികച്ച തുടക്കമാണ്, പതിവിന് വിപരീതമായി ഓപ്പണിങ്ങിറങ്ങിയ റോസ്റ്റൻ ചേസും ഷായ് ഹോപ്പും നൽകിയത്. ഒന്നാം വിക്കറ്റിൽ 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു.

മത്സരത്തിന്‍റെ തുടക്കത്തിൽ ചേസിന്‍റെ ക‍്യാച്ച് അഭിഷേക് ശർമ വിട്ടുകളഞ്ഞത് തിരിച്ചടിയായി. ഒടുവിൽ 8.5 ഓവറിലാണ് മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി ആദ‍്യ വിക്കറ്റ് വീഴ്ത്തി ടീമിന് ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ, മൂന്നാമനായി ക്രീസിലെത്തിയ വമ്പൻ അടിക്കാരൻ ഷിമ്രോൺ ഹെറ്റ്മെയർ ഇന്ത‍്യൻ ബൗളർമാരെ നിലം തൊടാതെ അടിച്ചു പറത്തി സ്കോർ ബോർഡ് ചലിപ്പിച്ചു. 12 പന്തുകൾ മാത്രമെ ക്രീസിൽ‌ നിന്നുള്ളൂവെങ്കിലും 27 റൺസാണ് ഹെറ്റ്മെയർ മിന്നൽ വേഗത്തിൽ അടിച്ചെടുത്തത്.

എന്നാൽ, 11.3 ഓവറിൽ ബുംറ അപകടകാരിയായ ഹെറ്റ്മെയറിനെ മടക്കി. പിന്നാലെയെത്തിയ ഷെർഫെയ്ൻ റുഥർഫോർഡ് 9 പന്തിൽ 14 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ‍്യക്കായിരുന്നു വിക്കറ്റ്. ഇതോടെ പ്രതിരോധത്തിലായെന്ന് തോന്നിയെങ്കിലും റൊവ്മാൻ പവൽ – ജേസൺ ഹോൾഡർ സഖ‍്യം നിലയുറപ്പിച്ച് ഹെറ്റ്മെയർ നിർത്തിയ സ്ഥലത്ത് നിന്നും അടി തുടങ്ങി. പവൽ 19 പന്തിൽ നിന്നു 34 റൺസും ജേസൺ ഹോൾ‌ഡർ 22 പന്തിൽ 37 റൺസും അടിച്ചെടുത്തു. ഇതിനിടെ 18.3 ഓവറിൽ പവലിന്‍റെ ക്യാച്ചും അഭിഷേക് ശർമ കൈവിട്ടു. അവസാന ഓവറിലും 14 റൺസ് അടിച്ചെടുക്കാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചതോടെ 195 റൺസെന്ന സ്കോറിലെത്തി.

സ്ക്വാഡ്:

ഇന്ത്യ – അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

വെസ്റ്റിൻഡീസ് – ഷായ് ഹോപ്പ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റുഥർഫോർഡ്, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, മാത്യു ഫോർഡെ, ഗുദാകേഷ് മോടി, അക്കീൽ ഹുസൈൻ, ഷമർ ജോസഫ്.