Home Entertainment സ്ത്രീകളെ ആഘോഷിക്കുന്നതിന് മുമ്പ് അവരുടെ വേദന കേൾക്കണം; ‘ബട്ടർഫ്ലൈ ഗേൾ 85’ പറയുന്ന യാഥാർത്ഥ്യം

സ്ത്രീകളെ ആഘോഷിക്കുന്നതിന് മുമ്പ് അവരുടെ വേദന കേൾക്കണം; ‘ബട്ടർഫ്ലൈ ഗേൾ 85’ പറയുന്ന യാഥാർത്ഥ്യം

26
0

നാളെ ലോകം മുഴുവൻ ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സ്ത്രീശക്തിയെ കുറിച്ചുള്ള സന്ദേശങ്ങളും ആശംസകളും സോഷ്യൽ മീഡിയ നിറയുന്ന ദിവസമാണ് വനിതാദിനം. പക്ഷേ ആ ആഘോഷങ്ങൾക്ക് മുന്നോടിയായി നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, സ്ത്രീകൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം നൽകാൻ സമൂഹമായി നാം എത്രത്തോളം തയ്യാറായി കഴിഞ്ഞു?

ബാല്യത്തിൽ സംഭവിക്കുന്ന പീഡനങ്ങൾ പല സ്ത്രീകളുടെയും ജീവിതത്തിൽ ഒരിക്കലും മാഞ്ഞുപോകാത്ത മുറിവുകളാണ്. കാലം കടന്നുപോയാലും ആ ട്രോമ അവരെ പിന്തുടരുന്നു. എന്നാൽ അതിലും വേദനാജനകമാകുന്നത് സമൂഹത്തിന്റെ സമീപനമാണ്. കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിന് പകരം പലപ്പോഴും സമൂഹം ഇരകളെയാണ് വിചാരണ ചെയ്യുന്നത്. അവർ ധരിക്കുന്ന വസ്ത്രം, അവരുടെ സ്വഭാവം, അവരുടെ ജീവിതരീതി, എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു കടന്നിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്ന യാഥാർത്ഥ്യം നമ്മെ അസ്വസ്ഥരാക്കുന്നതാണ്.

ഈ പശ്ചാത്തലത്തിലാണ് പുതിയ മലയാള ചിത്രം ബട്ടർഫ്‌ളൈ ഗേൾ 85 ശ്രദ്ധ നേടുന്നത്. സംവിധായകൻ പ്രശാന്ത് മുരളി ഒരുക്കിയ ഈ ചിത്രം സ്വപ്നങ്ങളുമായി മുന്നേറാൻ ശ്രമിക്കുന്ന ഒരു യുവ ഡിസൈനറുടെ ജീവിതമാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ പ്രശസ്തിയിലേക്ക് ഉയരാൻ ശ്രമിക്കുന്ന ഒരു യുവതിയുടെ യാത്രയിലൂടെ, ഡിജിറ്റൽ ലോകത്തിന്റെ സമ്മർദ്ദങ്ങളും സമൂഹത്തിന്റെ വിധികളും ചിത്രം തുറന്നു കാണിക്കുന്നു.

സ്വതന്ത്രമായി ജീവിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീ നേരിടേണ്ടി വരുന്ന സംശയങ്ങളും കുറ്റപ്പെടുത്തലുകളും, സമൂഹത്തിന്റെ മുൻവിധികളും സിനിമ ശക്തമായി അവതരിപ്പിക്കുന്നു. അതോടൊപ്പം സ്വീറ്റി ബെർണാഡ് എന്ന ട്രാൻസ് വുമണിന്റെ കാഴ്ചപ്പാടും കഥയിൽ സ്പർശിക്കുന്നുണ്ട്.

നാളെ വനിതാദിനം ആഘോഷിക്കാനിരിക്കുമ്പോൾ, ബട്ടർഫ്‌ളൈ ഗേൾ 85 സമൂഹത്തിനു ഒരു ഓർമ്മപ്പെടുത്തൽ പോലെ മാറുന്നു, സ്ത്രീകളെ ആഘോഷിക്കുന്നതിൽ മാത്രമല്ല, അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളാനും നമ്മൾ തയ്യാറാകണം.