Home Sports അഭിഷേകിന് പകരം ഇഷാൻ; ധോണിയുടെ ആ പഴയ ‘ട്വിസ്റ്റ്’ ഓർമ്മിപ്പിച്ച് യുവരാജ് സിംഗ്

അഭിഷേകിന് പകരം ഇഷാൻ; ധോണിയുടെ ആ പഴയ ‘ട്വിസ്റ്റ്’ ഓർമ്മിപ്പിച്ച് യുവരാജ് സിംഗ്

4
0

ഐപിഎല്ലിൽ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് നായകനായി ഇഷാൻ കിഷനെ തിരഞ്ഞെടുത്ത മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്തെത്തി. വർഷങ്ങളായി ടീമിനായി വിയർപ്പൊഴുക്കുന്ന യുവതാരം അഭിഷേക് ശർമയെ നായകസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതാണ് യുവരാജിനെ ചൊടിപ്പിച്ചത്. സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിലാണ് യുവി തന്റെ അതൃപ്തി പരസ്യമാക്കിയത്.
തന്റെ ശിഷ്യൻ കൂടിയായ അഭിഷേകിന് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് യുവരാജ് വിശ്വസിക്കുന്നു.

ഇഷാൻ കിഷനെ വ്യക്തിപരമായി ഇഷ്ടമാണെങ്കിലും ഏഴു വർഷത്തോളമായി ഹൈദരാബാദ് ഫ്രാഞ്ചൈസിക്ക് വേണ്ടി ആത്മാവ് നൽകി കളിക്കുന്ന ഒരാളെ തഴഞ്ഞത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ നയിക്കുന്ന അഭിഷേക് മികച്ച ഫോമിലാണെന്നും ഇത്തരം സാഹചര്യങ്ങൾ ഒരു കളിക്കാരന്റെ മാനസികാവസ്ഥയെ ബാധിക്കുമെന്നും യുവി ചൂണ്ടിക്കാട്ടി. എങ്കിലും ഇഷാനും അഭിഷേകും തമ്മിലുള്ള സുഹൃദ്ബന്ധം ടീമിന് ഗുണകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

2007-ൽ എം.എസ്. ധോണി ഇന്ത്യൻ നായകനായ അപ്രതീക്ഷിത സാഹചര്യവുമായിട്ടാണ് ഹൈദരാബാദിലെ നിലവിലെ മാറ്റത്തെ യുവരാജ് താരതമ്യം ചെയ്തത്. അന്ന് സെവാഗും ഹർഭജനും താനുമടങ്ങുന്ന സീനിയർ താരങ്ങൾ ടീമിലുള്ളപ്പോഴാണ് വൈസ് ക്യാപ്റ്റനായിരുന്ന തന്നെപ്പോലും മറികടന്ന് ധോണി നായകനായതെന്ന് യുവി ഓർമ്മിപ്പിച്ചു.

ചിലർ നയിക്കാൻ നിയോഗിക്കപ്പെട്ടവരാകാം എന്ന് സമ്മതിക്കുമ്പോഴും, കാലങ്ങളായി കഠിനാധ്വാനം ചെയ്യുന്ന ഒരാളെ മറികടന്ന് മറ്റൊരാൾ സ്ഥാനമേൽക്കുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ ബൗളിംഗ് നിരയുടെ പോരായ്മകൾ കാരണം ഹൈദരാബാദിന് ഇത്തവണത്തെ യാത്ര കഠിനമായിരിക്കുമെന്ന് യുവരാജ് നിരീക്ഷിക്കുന്നു. എങ്കിലും സംഭവിച്ച കാര്യങ്ങൾ മറന്ന് പുതിയ നായകനായ ഇഷാൻ കിഷനെ പിന്തുണയ്ക്കാനാണ് അദ്ദേഹം അഭിഷേകിനോട് നിർദ്ദേശിച്ചത്. ഈ അവഗണനയെ ഒരു ഊർജ്ജമായി ഉൾക്കൊണ്ട് ടീമിനായി കൂടുതൽ കരുത്തോടെ കളിക്കണമെന്ന് ഉപദേശിച്ചാണ് യുവി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.