Home Sports സഞ്ജുവിനെ പുറത്താക്കാൻ വലവിരിച്ചു; ചെന്നൈ ജഴ്സിയിലെ സഞ്ജുവിന്റെ അരങ്ങേറ്റം തകർത്തത് പരാഗിന്റെ ‘ഗാംബ്ലിങ്’

സഞ്ജുവിനെ പുറത്താക്കാൻ വലവിരിച്ചു; ചെന്നൈ ജഴ്സിയിലെ സഞ്ജുവിന്റെ അരങ്ങേറ്റം തകർത്തത് പരാഗിന്റെ ‘ഗാംബ്ലിങ്’

39
0

ചെന്നൈ സൂപ്പർ കിങ്സിനായുള്ള സഞ്ജു സാംസണിന്റെ അരങ്ങേറ്റ മത്സരം ദുരന്തമായത് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ കൃത്യമായ തന്ത്രങ്ങൾ മൂലമെന്ന് വെളിപ്പെടുത്തൽ.

മുൻ നായകനെ പുറത്താക്കാൻ മൈതാനത്ത് ഒരുക്കിയ ചതിക്കുഴികളെക്കുറിച്ച് മത്സരശേഷം പരാഗ് തുറന്നുപറഞ്ഞു. ഏഴു പന്തിൽ വെറും ആറ് റൺസുമായി സഞ്ജു പുറത്തായ മത്സരം രാജസ്ഥാൻ എട്ട് വിക്കറ്റിന് അനായാസം ജയിച്ചിരുന്നു.

സഞ്ജുവിനെ പുറത്താക്കുക എന്നത് ഒരു ചൂതാട്ടം പോലെയായിരുന്നു എന്നാണ് പരാഗ് വിശേഷിപ്പിച്ചത്.

സഞ്ജു ആദ്യമായി നേരിടുന്ന മൂന്നോ നാലോ പന്തുകൾ തങ്ങളുടെ പ്ലാൻ നടപ്പിലാക്കാൻ നിർണായകമായിരുന്നുവെന്ന് പരാഗ് പറഞ്ഞു. അദ്ദേഹത്തിന് ബൗണ്ടറി അടിക്കാൻ പാകത്തിൽ പന്തെറിയാൻ നിർദ്ദേശിച്ചതും ഫീൽഡർമാരെ ക്രമീകരിച്ചതും വലിയൊരു പരീക്ഷണമായിരുന്നു. സഞ്ജുവിനെ അസ്വസ്ഥനാക്കുന്ന രീതിയിൽ പന്തെറിയാനാണ് ബൗളർ നാന്ദ്രെ ബർഗറിനോട് ആവശ്യപ്പെട്ടത്. സഞ്ജുവിന് ഏറെ പ്രിയപ്പെട്ട പുൾ ഷോട്ടുകൾ കളിക്കാൻ അവസരം നൽകാതെ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. ഈ പ്ലാൻ പാളിയിരുന്നെങ്കിൽ താനൊരു മണ്ടനായി മാറുമായിരുന്നു എന്നും പരാഗ് പ്രതികരിച്ചു.

മത്സരത്തിന്റെ രണ്ടാം ഓവറിൽ 140 കിലോമീറ്റർ വേഗതയിൽ വന്ന ബർഗറിന്റെ പന്ത് സഞ്ജുവിന്റെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. കാൽ ചലിപ്പിക്കാതെ ബാറ്റ് വീശിയ സഞ്ജുവിന് പന്തിന്റെ ഗതി മനസ്സിലാക്കാൻ സാധിച്ചില്ല. ചെന്നൈ ഉയർത്തിയ 127 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 12.1 ഓവറിൽ രാജസ്ഥാൻ മറികടന്നു. 17 പന്തിൽ 52 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങാണ് രാജസ്ഥാന്റെ വിജയം വേഗത്തിലാക്കിയത്. ഏപ്രിൽ നാലിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത പോരാട്ടം.