അസമിലെ നുഴഞ്ഞുകയറ്റക്കാർ നാല് വിവാഹം കഴിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഏകീകൃത സിവിൽകോഡ് (UCC) നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
അസമിലെ ദുധ്നോയിയിൽ സംഘടിപ്പിച്ച ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ പൂർണ്ണമായും പുറത്താക്കി അസമിനെ സുരക്ഷിതമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ആദിവാസി വിഭാഗങ്ങളുടെ വികസനത്തിന് നരേന്ദ്ര മോദി സർക്കാരും ഹിമന്ദ ബിശ്വ ശർമ സർക്കാരും പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് ഷാ ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരണകാലത്ത് അവഗണിക്കപ്പെട്ട ആദിവാസി സമൂഹത്തിന് അർഹമായ പ്രാധാന്യം നൽകിയത് ബിജെപിയാണ്. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിയതിലൂടെ ബിജെപി ചരിത്രം തിരുത്തി.
അതേസമയം, ആദിവാസി മേഖലകളെ ഏകീകൃത സിവിൽകോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മേഘാലയയിലെ സമീപകാല സംഘർഷങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ആദിവാസി വനിതകളെ വിവാഹം കഴിക്കാനുള്ള ചിലരുടെ ശ്രമങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു.
ഗാരോ ഹിൽസ് ജില്ലാ കൗൺസിലിൽ അധികാരം പിടിച്ചെടുക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. അസമിൽ സമാധാനം ഉറപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും, കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംസ്ഥാനം വീണ്ടും അസ്ഥിരതയിലേക്ക് നീങ്ങുമെന്നും അമിത് ഷാ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.






