Home cinema പ്രണയഭാവത്തിൽ പൃഥ്വിരാജ്; ‘ഖലീഫ’യിലെ ഹിറ്റ് ഗാനം ‘അസലായവളേ..’ തരംഗമാകുന്നു

പ്രണയഭാവത്തിൽ പൃഥ്വിരാജ്; ‘ഖലീഫ’യിലെ ഹിറ്റ് ഗാനം ‘അസലായവളേ..’ തരംഗമാകുന്നു

3
0

വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഖലീഫ’യിലെ ‘അസലായവളേ..’ എന്ന പ്രണയഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയിയുടെ സംഗീതത്തിൽ സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്ന് ആലപിച്ച ഈ മനോഹര ഗാനം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് വലിയ തരംഗമായി മാറിയിരിക്കുകയാണ്.

നേരത്തെ വൻ ഹിറ്റുകളായ ‘നരിവേട്ട’യിലെ ‘മിന്നൽവള’, ‘ഇഷ്ഖ്’ലെ ‘പറയുവാൻ’ എന്നീ ഗാനങ്ങൾക്ക് ശേഷം ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. മുത്തു ആണ് ഈ പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഓഗസ്റ്റ് ഇരുപതിന് ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന പേരിൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നത് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

ബോളിവുഡ് താരം മാളവിക ശർമ്മ നായികയായി അരങ്ങേറുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ജിനു എബ്രഹാം തിരക്കഥയെഴുതി ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫോണിക്സ് പ്രഭു എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങൾ ഒരുക്കുമ്പോൾ മഷർ ഹംസ വസ്ത്രാലങ്കാരവും അമൽ ചന്ദ്രൻ മേക്കപ്പും കൈകാര്യം ചെയ്യുന്നു. വലിയ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ‘ഖലീഫ’ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.