Home kerala മുണ്ടത്തിക്കോട് ദുരന്തം,മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നടുക്കം രേഖപ്പെടുത്തി രാജ്യം

മുണ്ടത്തിക്കോട് ദുരന്തം,മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നടുക്കം രേഖപ്പെടുത്തി രാജ്യം

6
0

തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും കേന്ദ്ര സർക്കാർ സഹായധനം നൽകും. തൃശൂരിലുണ്ടായ ദാരുണമായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്ത ഏറെ വേദനയോടെയാണ് ശ്രവിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ ഇതുവരെ 13 പേരാണ് മരണപ്പെട്ടത്.

അപകടസമയത്ത് ഏകദേശം നാല്പതോളം പേർ സ്ഥലത്തുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ 13 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും ഒരാൾ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നതെന്നും മെഡിക്കൽ സംഘം അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ ഈ വൻ അപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായത്തിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സർക്കാരും ദുരിതബാധിതർക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.