Home kerala മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം മരണം 13 ആയി; നാട് നടുങ്ങിയ ദുരന്തത്തിൽ നടുക്കം...

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം മരണം 13 ആയി; നാട് നടുങ്ങിയ ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ തൃശൂർ

5
0

തൃശൂർ മുണ്ടത്തിക്കോട്ടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ പതിമൂന്നായി ഉയർന്നു. നിലവിൽ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരിൽ ഒരാൾ വെന്റിലേറ്ററിലുമാണ്. ഗുരുതരാവസ്ഥയിലുള്ളവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപകടസമയത്ത് ഏകദേശം നാല്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന എട്ട് വെടിക്കെട്ട് പുരകളിൽ അഞ്ചെണ്ണം സ്ഫോടനത്തിന്റെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു തരിപ്പണമായി. സ്ഫോടനത്തിൽ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ മൃതദേഹങ്ങളായി കണക്കാക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസിയായ മുണ്ടത്തിക്കോട് സ്വദേശി സതീശന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗം പേരും മുണ്ടത്തിക്കോട്, കുണ്ടന്നൂർ സ്വദേശികളാണ്.

അപകടം നടന്ന പ്രദേശത്ത് ഇനിയും പൊട്ടാത്ത സ്ഫോടകവസ്തുക്കൾ അവശേഷിക്കുന്നുണ്ടെന്ന സൂചനയെത്തുടർന്ന് കനത്ത ജാഗ്രതയിലാണ് അധികൃതർ.

സംഭവത്തിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ടു. ആർഡിഒയുടെ നേതൃത്വത്തിലായിരിക്കും വിശദമായ അന്വേഷണം നടക്കുക. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി കേരള സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തൃശൂരിനെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്-അഗ്നിശമന സേന വിഭാഗങ്ങൾ.