അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതായി ഇസ്രയേൽ അമേരിക്കയ്ക്ക് നിർണായക രഹസ്യവിവരം കൈമാറി. അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, ഈ മുന്നറിയിപ്പാണ് ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങാൻ ട്രംപിനെ പ്രേരിപ്പിച്ചത്. മുൻപ് ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതകൾ തേടിയിരുന്ന ട്രംപ്, ഈ രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാനിലേക്ക് അപ്രതീക്ഷിതവും ശക്തവുമായ ആക്രമണം നടത്തിയത്.
ട്രംപിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പുതിയ ആക്രമണ പദ്ധതിയെക്കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് മുൻകൂട്ടി വിവരമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇസ്രയേൽ നൽകിയ വിവരങ്ങളുടെ ഗൗരവം കണക്കിലെടുത്ത് യുഎസ് സുരക്ഷാ ഏജൻസികൾ നിലവിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഉന്നയിച്ച ഗൂഢാലോചനയുടെ കൃത്യമായ വിശദാംശങ്ങൾ പുറത്തുവിടാൻ അമേരിക്കൻ അധികൃതർ തയ്യാറായിട്ടില്ല.
2020-ൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് ശേഷം ട്രംപിനെതിരെ ഇറാൻ തുടർച്ചയായി പ്രതികാര ഭീഷണികൾ ഉയർത്തുന്നുണ്ട്. അടുത്തിടെ അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ‘ട്രംപിനെ കൊല്ലുക’ എന്നെഴുതിയ പോസ്റ്ററുകൾ ഇറാനിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഇസ്രയേലിന്റെ മുന്നറിയിപ്പുകൾക്ക് കൂടുതൽ ബലം നൽകുന്നു. അതേസമയം, ഈ രഹസ്യവിവരത്തെക്കുറിച്ച് യുഎസോ ഇസ്രയേലോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങളോട് ഇറാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.







