ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നതിന് പിന്നാലെ, മത്സരത്തിൽ തനിക്ക് സംഭവിച്ച പിഴവിനെക്കുറിച്ച് തുറന്നുപറഞ്ഞ് ക്യാപ്റ്റൻ ലിയോണൽ മെസി. മത്സരത്തിന്റെ ആദ്യ പകുതിയിൽ പെനൽറ്റി നഷ്ടമാക്കിയത് തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്ന് മെസി വെളിപ്പെടുത്തി. ഒരു നിർണായക ഘട്ടത്തിൽ ടീമിനെ വഞ്ചിച്ചതുപോലെയാണ് തനിക്ക് തോന്നിയതെന്നും, താൻ കാരണം ടീം തോൽക്കുമെന്ന് ഭയന്നിരുന്നതായും മെസി പറഞ്ഞു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ദൈവം തനിക്കായി ഒരു പ്രത്യേക നിമിഷം കാത്തുവെച്ചിട്ടുണ്ടായിരുന്നുവെന്നും, സമനില ഗോൾ നേടാനായതിൽ വലിയ ആശ്വാസമുണ്ടെന്നും മെസി കൂട്ടിച്ചേർത്തു. എത്ര പ്രതികൂല സാഹചര്യത്തിലും പോരാടുന്നവരാണ് തന്റെ സഹതാരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന അർജന്റീന, വെറും 13 മിനിറ്റിനിടയിലാണ് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അവിശ്വസനീയമായ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഈജിപ്ത് ആദ്യ ഗോൾ നേടി മുന്നിലെത്തിയിരുന്നു. തൊട്ടുപിന്നാലെ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി കിക്ക് മെസി എടുത്തുവെങ്കിലും ഈജിപ്ഷ്യൻ ഗോൾകീപ്പർ അത് തട്ടിയകറ്റി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ പാഴാക്കുന്ന താരം എന്ന മോശം റെക്കോർഡും മെസിയുടെ പേരിലായി. തുടർന്ന് 67-ാം മിനിറ്റിൽ ഈജിപ്ത് രണ്ടാം ഗോളും നേടിയതോടെ ലോക ചാമ്പ്യന്മാർ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയിലായിരുന്നു.
എന്നാൽ കളി കൈവിട്ടെന്ന് കരുതിയ ഇടത്തുനിന്നാണ് അർജന്റീന ശക്തമായി തിരിച്ചുവന്നത്. 79-ാം മിനിറ്റിൽ മെസിയുടെ ഫ്രീ-കിക്കിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയുടെ ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ 83-ാം മിനിറ്റിൽ മെസി തന്നെ ടീമിന് സമനില ഗോളും സമ്മാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന 3-2 ന്റെ ആവേശജയം പൂർത്തിയാക്കുകയായിരുന്നു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡാണ് അർജന്റീനയുടെ എതിരാളികൾ.







