Home Accidents ഭീതിയിലാഴ്ന്ന് ഗൾഫ്; ബഹ്റൈനിലും കുവൈത്തിലും മിസൈൽ ആക്രമണ ശ്രമം, വ്യോമപ്രതിരോധം ശക്തമാക്കി രാജ്യങ്ങൾ

ഭീതിയിലാഴ്ന്ന് ഗൾഫ്; ബഹ്റൈനിലും കുവൈത്തിലും മിസൈൽ ആക്രമണ ശ്രമം, വ്യോമപ്രതിരോധം ശക്തമാക്കി രാജ്യങ്ങൾ

5
0

പശ്ചിമേഷ്യൻ സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണ ശ്രമം. ഇന്ന് പുലർച്ചെയോടെ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഒരേസമയം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കനത്ത ആക്രമണ ഭീഷണി നിലനിന്ന ബഹ്റൈനിൽ രണ്ടു തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്. തുടർന്ന് പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും കർശന നിർദ്ദേശം നൽകി.

ബഹ്റൈന് പിന്നാലെ കുവൈത്തിന് നേരെയും വലിയ രീതിയിലുള്ള മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. എന്നാൽ രാജ്യത്തിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെ ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തു. പ്രതിരോധ നടപടികൾക്കിടയിൽ ആകാശത്ത് വലിയ തോതിലുള്ള സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് സൈന്യം നേരത്തെ തന്നെ ജനങ്ങളെ അറിയിച്ചിരുന്നു. വൻ സ്ഫോടന ശബ്ദങ്ങൾ കേട്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലും പുലർച്ചെയോടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ഉയർന്ന സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമായി. തുടർന്ന് രാവിലെ 7.25 ഓടെ ഈ ജാഗ്രതാ നിർദ്ദേശം പിൻവലിക്കുകയും ജനങ്ങൾ സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ഇറാന്റെയും യുഎസിന്റെയും സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയിൽ ഒരേസമയം ഉണ്ടായ ഈ വ്യോമാക്രമണ ശ്രമങ്ങൾ പശ്ചിമേഷ്യൻ മേഖലയെ കനത്ത യുദ്ധഭീതിയിലാക്കിയിരിക്കുകയാണ്.