കുറച്ചു സമയം ഞാൻ നിശബ്ദമായി ഒന്ന് ചിന്തിച്ചു പോയി … ചില ചിത്രങ്ങൾ അങ്ങനെ നമ്മെ ചിന്തിപ്പിച്ചിരുത്തുന്ന ദൃശ്യആവിഷ്കാരമാണ്.
വളരെ പ്രതീക്ഷയോടും സന്തോഷത്തോടും തുടങ്ങുന്ന ബന്ധങ്ങൾ നിരാശയിലും തകർച്ചയിലും അവസാനിക്കുന്നത് എത്രത്തോളം വേദനാജനകമാണ്. ആധുനിക കാലഘട്ടത്തിലും നിലനിൽക്കുന്ന പ്രണയത്തിൽ നിന്നും ദാമ്പത്യത്തിലേക്കുള്ള യാത്രയിൽ ഇടറിവീഴുന്ന ബന്ധങ്ങൾ, സ്നേഹത്തിൽ നിന്നും സംശയത്തിലേക്കും അക്രമത്തിലേക്കും വഴിമാറുന്നത് നാം കാണാറുണ്ട്. ഇത്തരത്തിൽ ഹൃദയസ്പർശിയായ ഒരു പ്രമേയമാണ് ‘ബ്ലൂ ലിലി’ എന്ന ഹ്വസ്യ ചിത്രം അവതരിപ്പിക്കുന്നത്.
മിനി നായർ നിർമിച്ച്, ചാർവി റാം മോഹൻ തിരക്കഥയൊരുക്കി, ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരെ ഒരുപോലെ ചിന്തിപ്പിക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്നു. പ്രണയത്തിൽ നിന്നും ദാമ്പത്യത്തിലേക്ക് മാറുമ്പോൾ അർജുൻ, ലക്ഷ്മി എന്നീ കഥാപാത്രങ്ങൾ നേരിടുന്ന വൈകാരിക മാറ്റങ്ങൾ വളരെ തന്മയത്വത്തോടെ ഇതിൽ ആവിഷ്കരിച്ചിട്ടുണ്ട്.
മിനിസ്ക്രീൻ താരം ശ്രുതി രജനീകാന്തും അനിരുദ്ധ് ബാലുവും തങ്ങളുടെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. പ്രൊഫഷണൽ ആക്റ്റിംഗിലൂടെ കഥാപാത്രങ്ങളുടെ ആഴം വ്യക്തമാക്കാൻ ഇവർക്ക് സാധിച്ചു. അഭിനവ് സി പ്രീജ് ജൂനിയർ, ഗൗതം രവീന്ദ്രൻ എന്നിവർ ചേർന്നൊരുക്കിയ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ ആത്മാവ് തൊട്ടറിയാൻ സഹായിക്കുന്നു. അതുൽ റോയുടെ സംഗീതവും പശ്ചാത്തല സംഗീതവും കഥാസന്ദർഭങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു.
ബ്ലൂ ലിലി’ എന്ന പുഷ്പത്തെ ലക്ഷ്മി എന്ന കഥാപാത്രത്തോട് ഉപമിച്ചിരിക്കുന്നത് അതിമനോഹരമാണ്. തുടക്കത്തിൽ വിടർന്നുനിൽക്കുന്ന പൂവായും, ഒടുവിൽ വാടിപ്പോകുന്ന യാഥാർത്ഥ്യമായും ആ കഥാപാത്രത്തിന്റെ യാത്ര നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കേവലം ഒരു പ്രണയകഥ എന്നതിലുപരി, ഇന്നത്തെ സമൂഹത്തിന് കൃത്യമായ ഒരു മുന്നറിയിപ്പ് കൂടി നൽകാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
മികച്ച ദൃശ്യാവിഷ്കാരം കൊണ്ടും പ്രമേയം കൊണ്ടും ‘ബ്ലൂ ലിലി’ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.






