Home Entertainment തുടക്കത്തിനും തകർച്ചക്കും സാക്ഷിയായി ‘ബ്ലൂ ലില്ലി’; മെയ് 8-ന് പ്രേക്ഷകരിലേക്ക്

തുടക്കത്തിനും തകർച്ചക്കും സാക്ഷിയായി ‘ബ്ലൂ ലില്ലി’; മെയ് 8-ന് പ്രേക്ഷകരിലേക്ക്

15
0

മനസ്സിനെ തൊടുന്ന മനോഹരമായ പ്രണയനിമിഷങ്ങളും ദാമ്പത്യബന്ധങ്ങളിലെ അപ്രതീക്ഷിത ഗതിമാറ്റങ്ങളും ദൃശ്യാവിഷ്കരിക്കുന്ന ‘ബ്ലൂ ലില്ലി’ എന്ന ഹ്രസ്വചിത്രം വലിയ കാത്തിരിപ്പുകൾക്കൊടുവിൽ റിലീസിനൊരുങ്ങുന്നു. പ്രണയത്തിന്റെ മാധുര്യത്തിൽ തുടങ്ങി, ദാമ്പത്യജീവിതത്തിലെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളിലേക്കും മാനസിക സംഘർഷങ്ങളിലേക്കും വിരൽചൂണ്ടുന്ന ഈ സൈക്കോളജിക്കൽ ഡ്രാമ മെയ് 8-ന് പ്രേക്ഷകരിലേക്ക് എത്തും. കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾ ചിത്രത്തിലുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.

മിനി നായർ നിർമ്മിച്ച് ഗൗതം രവീന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ചാർവി റാം മോഹൻ ആണ് തയ്യാറാക്കിയിരിക്കുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശ്രുതി രജനീകാന്ത്, അനിരുദ്ധ് ബാലു എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കടൽത്തീരത്തെ മനോഹരമായ കാഴ്ചകളിൽ തുടങ്ങുന്ന അർജുന്റെയും ലക്ഷ്മിയുടെയും ജീവിതം എങ്ങനെ അപ്രതീക്ഷിതമായി മാറിമറിയുന്നു എന്നാണ് ചിത്രം പറയുന്നത്. പ്രണയത്തിന്റെ ആവേശവും പിന്നീട് അത് നിയന്ത്രണങ്ങളിലേക്കും ഭയത്തിലേക്കും വഴിമാറുന്നതും ഇരുവരും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. വാക്കുകളേക്കാൾ ഭാവങ്ങൾ കൊണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്കാരങ്ങൾ ബ്ലൂ ലില്ലി സ്വന്തമാക്കിയിട്ടുണ്ട്. അഭിനാവ് സി പ്രീജ് ജൂനിയർ, ഗൗതം രവീന്ദ്രൻ എന്നിവർ ചേർന്നൊരുക്കിയ മനോഹരമായ ദൃശ്യങ്ങളും അതുൽ റോയുടെ സംഗീതവും ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു. കേവലം ഒരു പ്രണയകഥ എന്നതിലുപരി സമൂഹത്തിന് ഒരു മുന്നറിയിപ്പ് കൂടി നൽകുന്ന ഈ ദൃശ്യവിരുന്ന് മെയ് 8 മുതൽ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും.