Home National ജനവിധി തേടി തമിഴകവും ബംഗാളും: ഇന്ന് നിർണ്ണായക പോരാട്ടം; 386 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ജനവിധി തേടി തമിഴകവും ബംഗാളും: ഇന്ന് നിർണ്ണായക പോരാട്ടം; 386 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

2
0

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിൽ തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നു. തമിഴ്‌നാട്ടിലെ ആകെ 234 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ആദ്യഘട്ടത്തിലുള്ള 152 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിച്ച ഇരുസംസ്ഥാനങ്ങളിലും ഇന്നലെ നിശബ്ദ പ്രചാരണമായിരുന്നു. ബംഗാളിലെ ബാക്കി 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും.
തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ-കോൺഗ്രസ് സഖ്യവും എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. കൂടാതെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) ഇത്തവണ മത്സരരംഗത്തുള്ളത് പോരാട്ടത്തിന് പുതിയ മുഖം നൽകുന്നുണ്ട്. 234 സീറ്റുകളിലായി മത്സരിക്കുന്ന 4,023 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ 5.73 കോടി വോട്ടർമാരാണ് തമിഴകത്തുള്ളത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഡി.എം.കെ സഖ്യത്തിനായി പ്രചാരണം നയിച്ചപ്പോൾ, അവസാന ദിനം ചെന്നൈയിൽ റോഡ് ഷോ നടത്തിക്കൊണ്ട് വിജയ് ശക്തിപ്രകടനമറിയിച്ചു. പഴനി, പത്മനാഭപുരം ഉൾപ്പെടെയുള്ള അഞ്ച് സീറ്റുകളിൽ സി.പി.ഐ.എമ്മും ജനവിധി തേടുന്നുണ്ട്.

പശ്ചിമബംഗാളിൽ മമത ബാനർജിയും അഭിഷേക് ബാനർജിയും നയിച്ച തൃണമൂൽ കോൺഗ്രസ് റാലികളിലൂടെ നേടിയ ബംഗാൾ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ടി.എം.സി. ആദ്യഘട്ടത്തിൽ 1478 സ്ഥാനാർത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ കർശന പരിശോധനകളിൽ ആയിരം കോടിയോളം രൂപയുടെ അനധികൃത പണവും മദ്യവും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. തമിഴ്‌നാട്ടിൽ നിന്ന് 599.24 കോടി രൂപയും ബംഗാളിൽ നിന്ന് 472.89 കോടി രൂപയുമാണ് കണ്ടുകെട്ടിയത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗാളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബി.ജെ.പിക്ക് മേൽക്കൈയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തങ്ങൾക്ക് അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻ.ഡി.എ സഖ്യം.