Home Business റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 x റഫ് ക്രാഫ്റ്റ്സ് ലിമിറ്റഡ് എഡിഷൻ വിപണിയിൽ

റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 x റഫ് ക്രാഫ്റ്റ്സ് ലിമിറ്റഡ് എഡിഷൻ വിപണിയിൽ

5
0

ബൈക്ക് പ്രേമികൾക്കായി റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ ഷോട്ട്‍ഗൺ 650-യുടെ അത്യപൂർവ്വ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കസ്റ്റം ബൈക്ക് ഡിസൈനർമാരായ ‘റഫ് ക്രാഫ്റ്റ്സ്’ (Rough Crafts) കൂട്ടുകെട്ടിലാണ് ഈ പ്രത്യേക മോഡൽ വികസിപ്പിച്ചത്. 5.75 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ബൈക്ക്, ലോകമെമ്പാടുമായി കേവലം 100 യൂണിറ്റുകൾ മാത്രമാണ് നിർമ്മിക്കുന്നത്. ഇതിൽ ഇന്ത്യക്കായി വെറും 25 യൂണിറ്റുകൾ മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്.

വേറിട്ട ഡിസൈനും പ്രീമിയം സവിശേഷതകളും

2025 EICMA ഷോയിൽ അവതരിപ്പിച്ച് തരംഗമായ “കാലിബർ റോയൽ” (Caliber Royale) കസ്റ്റം ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മോഡലിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗ്ലോസ് ജെറ്റ് ബ്ലാക്ക്, മാറ്റ് സ്റ്റെൽത്ത് ബ്ലാക്ക് എന്നീ രണ്ട് ആകർഷകമായ ബ്ലാക്ക് ഷേഡുകളുടെ കൂടിച്ചേരലാണ് ഇതിന്റെ പ്രധാന ആകർഷണം. ബോഡി പാനലുകളിൽ യഥാർത്ഥ സ്വർണ്ണ ഇലകൾ ഉപയോഗിച്ചുള്ള സ്പെഷ്യൽ സ്ട്രൈപ്പുകളും ഗ്രേ ആക്സന്റുകളും നൽകിയിട്ടുണ്ട്. ഇന്ധന ടാങ്കിൽ പ്രത്യേകം തയ്യാറാക്കിയ വെങ്കല ബാഡ്ജും ബൈക്കിന്റെ പ്രൊഡക്ഷൻ നമ്പറും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.ക്വിൽറ്റഡ് പ്രീമിയം ലതർ സീറ്റ്, ഗോൾഡ് ഫിനിഷിലുള്ള ഫ്രണ്ട് ഫോർക്കുകൾ, കോൺട്രാസ്റ്റ് കട്ട് അലോയ് വീലുകൾ, കറുത്ത ബാർ-എൻഡ് മിററുകൾ എന്നിവ ഈ കസ്റ്റം ബൈക്കിന് കൂടുതൽ മാറ്റ് കൂട്ടുന്നു.

ഈ ലിമിറ്റഡ് എഡിഷൻ ഷോട്ട്‍ഗൺ 650 സ്വന്തമാക്കുന്ന ഓരോ ഉപഭോക്താവിനും റഫ് ക്രാഫ്റ്റ്സ് സ്ഥാപകൻ വിൻസ്റ്റൺ യേ (Winston Yeh) കൈയ്യൊപ്പിട്ട കാലിബർ റോയലിന്റെ പ്രത്യേക ആർട്ട്‌വർക്ക് സ്കെച്ച് ലഭിക്കും. ബൈക്കിന്റെ ടാങ്കിലുള്ള അതേ നിർമ്മാണ നമ്പറായിരിക്കും ഈ ആർട്ട്‌വർക്കിലും നൽകുക.

ഡിസൈനിലും ലുക്കിലും വലിയ മാറ്റങ്ങൾ ഉണ്ടെങ്കിലും മെക്കാനിക്കലായി വാഹനം നിലവിലെ ഷോട്ട്‍ഗൺ 650-ക്ക് സമാനമാണ്. 648 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. അപൂർവ്വതയും മനോഹരമായ ക്രാഫ്റ്റ്‌സ്മാൻഷിപ്പും ആഗ്രഹിക്കുന്ന ബൈക്ക് പ്രേമികൾക്ക് മുൻഗണന നൽകുന്ന മികച്ചൊരു കളക്ടേഴ്സ് എഡിഷനാണ് ഈ പുതിയ റോയൽ എൻഫീൽഡ് മോഡൽ.