ഒരുകാലത്ത് മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഫാറ്റി ലിവർ രോഗം ഇന്ന് കൊച്ചുകുട്ടികളിലും കണ്ടുവരുന്നുണ്ട് . കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത്. പ്രാരംഭ ഘട്ടത്തിൽ വലിയ ലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നതിനാൽ പലപ്പോഴും രോഗം തിരിച്ചറിയാൻ വൈകുന്നു. സമയത്തിന് ശ്രദ്ധിച്ചില്ലെങ്കിൽ ഇത് കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്.
കുട്ടികളിൽ ഫാറ്റി ലിവർ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ
ആധുനിക ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് കുട്ടികളിൽ ഫാറ്റി ലിവർ വ്യാപകമാകാനുള്ള പ്രധാന കാരണം. ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി മധുരം അടങ്ങിയ പാനീയങ്ങൾ, ചിപ്സ് എന്നിവയുടെ ഉപയോഗം കുട്ടികളിൽ കൊഴുപ്പടിയാൻ ഇടയാക്കുന്നു. ഇതിനുപുറമെ, ശാരീരിക അധ്വാനമില്ലായ്മയും വലിയൊരു പ്രതിസന്ധിയാണ്. കളിക്കളങ്ങൾക്ക് പകരം മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നത് കുട്ടികളിൽ അമിതവണ്ണത്തിന് കാരണമാകുന്നു.
പാരമ്പര്യമായി ഇൻസുലിൻ പ്രതിരോധമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും ഈ രോഗസാധ്യത കൂടുതലാണ്. ശരിയായ ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും മെറ്റബോളിസത്തെ ബാധിച്ച് കരളിൽ കൊഴുപ്പടിയാൻ വഴിയൊരുക്കാറുണ്ട്.
ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം
മിക്ക കുട്ടികളിലും പ്രാരംഭത്തിൽ പ്രത്യേക ലക്ഷണങ്ങൾ പ്രകടമാകാറില്ല. എങ്കിലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കടുത്ത ക്ഷീണം, വയറിന്റെ വലതുവശത്ത് മുകൾഭാഗത്തായുള്ള ചെറിയ വേദന, വിശപ്പില്ലായ്മ എന്നിവ ലക്ഷണങ്ങളാകാം. ചില കുട്ടികളിൽ കഴുത്തിന് ചുറ്റും കക്ഷങ്ങളിലും ചർമ്മത്തിൽ കറുത്ത നിറത്തിലുള്ള പാടുകൾ കാണപ്പെടാറുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധത്തിന്റെ സൂചനയാണ്.
രോഗം തടയാനും കുറയ്ക്കാനും രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
കുട്ടികളിലെ ഫാറ്റി ലിവർ ശരിയായ ജീവിതശൈലിയിലൂടെ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കും. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയാണ് ഇതിന്റെ ആദ്യപടി. ബേക്കറി പലഹാരങ്ങൾ, മധുരപാനീയങ്ങൾ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കണം. പച്ചക്കറികൾ, പഴങ്ങൾ, ചെറുധാന്യങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശാരീരിക വ്യായാമമാണ് മറ്റൊരു പ്രധാന ഘടകം. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഓടിക്കളിക്കാനോ മറ്റ് കായിക വിനോദങ്ങളിൽ ഏർപ്പെടാനോ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ടിവി, ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്ന സ്ക്രീൻ സമയം പരിമിതപ്പെടുത്തുന്നത് വഴി കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാം.
ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ ശ്രമിക്കാതെ, ആരോഗ്യകരമായ രീതിയിൽ ക്രമേണ ഭാരം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. കുട്ടികളിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങളോ അമിതവണ്ണമോ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തപരിശോധനയോ അൾട്രാസൗണ്ട് സ്കാനിംഗോ നടത്തി കരളിന്റെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.











