യാത്രക്കാർ നേരിടുന്ന സെർവർ തകരാറുകൾക്കും പേയ്‌മെന്റ് പരാജയങ്ങൾക്കും പരിഹാരമായി ഐആർസിടിസി കൂടുതൽ വേഗതയേറിയ പുതിയ വെബ്‌സൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് പകുതിയോടെ പ്രവർത്തനം ആരംഭിച്ചേക്കാവുന്ന ഈ പുതിയ പോർട്ടൽ ലളിതമായ ഡിസൈനിലും കൂടുതൽ സാങ്കേതിക ശേഷിയോടും കൂടിയാണ് എത്തു തത്കാൽ ബുക്കിങ് സമയത്ത് തടസ്സമുണ്ടാക്കുന്ന പരസ്യങ്ങളും ആവർത്തിച്ചുള്ള ക്യാപ്ച പരിശോധനകളും കുറയ്ക്കുന്നത് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമാകും. കൂടാതെ ഇഷ്ടമുള്ള സീറ്റുകൾ നേരിട്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്യാൻ സഹായിക്കുന്ന ഫെയർ കലണ്ടറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്ക്രീനിൽ അറിയാനും ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കുമുള്ള ഇളവുകൾ ലഭ്യമാക്കാനും പുതിയ പ്ലാറ്റ്‌ഫോമിൽ സൗകര്യമുണ്ടാകും. സാങ്കേതിക ശേഷി വൻതോതിൽ വർദ്ധിപ്പിക്കുന്നതോടെ ഒരു മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനും 40 ലക്ഷത്തോളം അന്വേഷണങ്ങൾ ഒരേസമയം കൈകാര്യം ചെയ്യാനും ഈ പോർട്ടലിന് സാധിക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽ വിദ്യാർത്ഥികൾ എത്തിച്ച പരാതികളെ തുടർന്നാണ് ഈ അത്യാധുനിക മാറ്റങ്ങൾക്ക് വഴിതുറന്നത്.











