ജില്ലയിൽ ഉഷ്ണതരംഗം കടുക്കുന്നു. പോരുവഴിയിൽ വെയിലത്ത് കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരന് സൂര്യതാപമേറ്റത് ആശങ്കയുണർത്തുന്നു. പോരുവഴി നടുവിലേമുറി സ്വദേശികളായ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്.
കഴിഞ്ഞദിവസം വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുട്ടിക്ക് സൂര്യതാപമേറ്റത്. ദേവനന്ദന്റെ കൈകൾക്കും തോളിനും താടിയുടെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇതിൽ തോളിന്റെ ഭാഗത്താണ് പൊള്ളൽ ഗുരുതരമായിട്ടുള്ളത്.
കുട്ടിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി. ദേവനന്ദന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കൊല്ലം ജില്ലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി താപനില ക്രമാതീതമായി ഉയരുകയാണ്. കടുത്ത വേനലിൽ ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നവരും വെയിലത്ത് പണിയെടുക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നുണ്ട്. കുട്ടികൾ വെയിലത്ത് കളിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.






