പെട്രോളിൽ 20 ശതമാനം എത്തനോൾ ചേർത്ത ഇന്ധനമായ E20 രാജ്യത്ത് ഘട്ടംഘട്ടമായി നടപ്പിലാക്കുമ്പോൾ ഉപഭോക്താക്കൾക്കിടയിൽ ഉയർന്നുവരുന്ന സംശയങ്ങൾക്ക് വ്യക്തത വരുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. E20 ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ചെറിയ കുറവുണ്ടായേക്കാമെന്ന് സർക്കാർ ഔദ്യോഗികമായി സമ്മതിക്കുന്നു. എന്നാൽ കേവലം മൈലേജ് കുറവിനെ മാത്രം അടിസ്ഥാനമാക്കി ഇതിനെ വിലയിരുത്തരുതെന്നും ഇതിലൂടെ ലഭിക്കുന്ന പരിസ്ഥിതി-സാങ്കേതിക നേട്ടങ്ങൾ വളരെ വലുതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
E20 ഇന്ധനത്തിന് ഒക്ടേൻ റേറ്റിംഗ് കൂടുതലായതിനാൽ എഞ്ചിന്റെ പ്രവർത്തനം കൂടുതൽ സുഗമമാവുകയും എഞ്ചിൻ നോക്കിങ് കുറയ്ക്കുകയും ചെയ്യും. ഇത് വാഹനത്തിന്റെ പിക്കപ്പ് വർദ്ധിപ്പിക്കുന്നതിനൊപ്പം മികച്ച ഡ്രൈവിംഗ് അനുഭവം നൽകുകയും ചെയ്യും. കൂടാതെ, സാധാരണ ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ ഏകദേശം 40 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നതാണ് ഇതിന്റെ പ്രധാന പരിസ്ഥിതി നേട്ടം. വണ്ടികൾക്ക് ദോഷം ചെയ്യാത്ത രീതിയിൽ, വാഹന നിർമ്മാതാക്കളും പെട്രോളിയം കമ്പനികളുമായി 2001 മുതൽ വർഷങ്ങളോളം നടത്തിയ പരീക്ഷണങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഇത് വിപണിയിൽ എത്തിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
എത്തനോൾ ചേർത്തിട്ടും പെട്രോൾ വില കുറയാത്തതിന്റെ കാരണവും മന്ത്രാലയം വിശദീകരിച്ചു. എത്തനോൾ ഉൽപ്പാദിപ്പിക്കാനായി കാർഷിക വിളകൾ നൽകുന്ന കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. ഉദാഹരണത്തിന് ചോളത്തിൽ നിന്നുള്ള എത്തനോൾ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ സംഭരിക്കുന്നത്. ഇതോടൊപ്പം ട്രാൻസ്പോർട്ടേഷൻ, സംഭരണച്ചെലവ്, നികുതികൾ എന്നിവ കൂടി ചേരുമ്പോൾ സാധാരണ പെട്രോളിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ഇത് നൽകാൻ സാധിക്കില്ല. എങ്കിലും, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 120 മുതൽ 130 ഡോളർ വരെയൊക്കെയായി ഉയർന്നാൽ E20 വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും ആഗോള വിലക്കയറ്റത്തിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.











