കോൺഗ്രസ് പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് മുതിർന്ന നേതാവും എം.പിയുമായ ശശി തരൂർ തന്നോട് സ്വകാര്യ സംഭാഷണത്തിൽ സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വെളിപ്പെടുത്തൽ. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചകൾക്ക് ശേഷം നടത്തിയ സംഭാഷണത്തിലാണ് തരൂർ ഇത്തരമൊരു പരാമർശം നടത്തിയതെന്ന് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ റിജിജു വ്യക്തമാക്കി. കോൺഗ്രസ് സ്ത്രീവിരുദ്ധമായിരിക്കാം, എന്നാൽ തന്നെ ആരും ആ ഗണത്തിൽ പെടുത്തുമെന്ന് കരുതുന്നില്ലെന്നാണ് തരൂർ പറഞ്ഞതെന്ന് കേന്ദ്രമന്ത്രി വിവരിച്ചു.
തരൂരിനെ ആരും സ്ത്രീവിരുദ്ധനെന്ന് വിളിക്കില്ലെന്ന് താൻ സമ്മതിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി സ്ത്രീവിരുദ്ധമാണെന്ന് താൻ നേരിട്ട് പറഞ്ഞതായും റിജിജു കൂട്ടിച്ചേർത്തു. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് തരൂരിന്റെ ഈ വാക്കുകളെന്നും അദ്ദേഹം വാദിച്ചു.
വനിതാ സംവരണ ബില്ലിനോടും അനുബന്ധ ഭരണഘടനാ ഭേദഗതികളോടും പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെതിരെ ബിജെപി നേരത്തെ തന്നെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി 2029-ഓടെ വനിതാ സംവരണം നടപ്പിലാക്കാനും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർത്താനുമുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തെ പ്രതിപക്ഷം എതിർത്തിരുന്നു.
സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ തന്നെ സംവരണം ഉടൻ നടപ്പിലാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ നിലപാടിനെ ഭരണപക്ഷം തള്ളുകയായിരുന്നു. പ്രതിപക്ഷം ബില്ലിനെതിരെ വോട്ട് ചെയ്തതിനെ സ്ത്രീവിരുദ്ധ നിലപാടായി ബിജെപി ചിത്രീകരിക്കുന്നതിനിടയിലാണ് റിജിജുവിന്റെ ഈ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.






