ഇന്ത്യൻ പാസ്‌പോർട്ട് ഒരാളുടെ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് വിദേശയാത്രകൾക്ക് മാത്രമുള്ള ഒരു യാത്രാരേഖ (Travel Document) ആണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 14-ാമത് പാസ്‌പോർട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. നേരത്തെ ആധാർ, വോട്ടർ ഐഡി, പാൻ കാർഡ് എന്നിവയും പൗരത്വത്തിന്റെ അന്തിമ തെളിവുകളല്ലെന്ന് കോടതികൾ വ്യക്തമാക്കിയിരുന്നു. 1955-ലെ സിറ്റിസൺഷിപ്പ് ആക്ട് പ്രകാരം ജനനത്തീയതി, മാതാപിതാക്കളുടെ പൗരത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിയമപരമായി പൗരത്വം നിശ്ചയിക്കുന്നത്. കൂടാതെ, പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രേഖയായ പാസ്‌പോർട്ട്, ആവശ്യപ്പെടുന്ന പക്ഷം തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പാസ്‌പോർട്ട് വിതരണ രംഗത്ത് വൻ പുരോഗതിയാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ 1.47 കോടി ഇ-പാസ്‌പോർട്ടുകൾ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. പോലീസ് വെരിഫിക്കേഷൻ ഒഴികെയുള്ള നടപടികൾ പൂർത്തിയാക്കി ആറ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇപ്പോൾ പാസ്‌പോർട്ട് ലഭ്യമാക്കുന്നുണ്ട്. പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ അപേക്ഷകർ ചെലവഴിക്കേണ്ടി വരുന്ന സമയം 45 മിനിറ്റിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ പാസ്‌പോർട്ട് കേന്ദ്രങ്ങളുടെ എണ്ണം 77-ൽ നിന്നും 545 ആയി ഉയർന്നു. നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് 27 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും, 47 രാജ്യങ്ങളിൽ വിസ ഓൺ അറൈവലായും, 66 രാജ്യങ്ങളിൽ ഇ-വിസ വഴിയും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.






