ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീം വലിയ തോൽവി ഏറ്റുവാങ്ങിയെങ്കിലും, നായകൻ ശ്രേയസ് അയ്യർ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തോടെ റെക്കോർഡ് ബുക്കിൽ ഇടംനേടി. മത്സരത്തിൽ പുറത്താകാതെ 80 റണ്‍സ് അടിച്ചുകൂട്ടിയ ശ്രേയസ്, ഇംഗ്ലണ്ടിനെതിരെ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന ടി20 സ്‌കോർ എന്ന വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്തി. 2021-ൽ അഹമ്മദാബാദിലായിരുന്നു കോലി ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഒരു ടി20 പരമ്പരയിൽ ഒന്നിലധികം അർധസെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ നായകനെന്ന ചരിത്രനേട്ടവും ശ്രേയസ് സ്വന്തം പേരിലാക്കി.
ടോപ് ഓർഡർ തകർന്നടിഞ്ഞ മത്സരത്തിൽ വലിയ ഉത്തരവാദിത്തത്തോടെയാണ് ശ്രേയസ് അയ്യർ ബാറ്റ് വീശിയത്. വൈഭവ് സൂര്യവൻഷി, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവർ പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ ഒരു ഘട്ടത്തിൽ 48 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പ്രതിസന്ധിയിലായിരുന്നു. എന്നാൽ അഞ്ച് സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെടെയുള്ള തകർപ്പൻ ഇന്നിംഗ്സിലൂടെ ശ്രേയസ് ഇന്ത്യൻ സ്കോർ ഉയർത്തി. ശിവം ദുബെയെ (22 റൺസ്) കൂട്ടുപിടിച്ച് 53 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കാനും നായകന് സാധിച്ചു. പതിനെട്ടാം ഓവറിൽ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദിനെതിരെ 20 റൺസ് അടിച്ചുകൂട്ടിയ ശ്രേയസിന്റെ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി.
മറുഭാഗത്ത് കൃത്യതയാർന്ന പന്തുകളുമായി ഇംഗ്ലീഷ് ബൗളർമാർ ഇന്ത്യൻ ബാറ്റിംഗ് നിരയെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. ജോഫ്ര ആർച്ചർ (2/20), ജോഷ് ടോങ് (2/36) എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയായി. അവസാന രണ്ട് ഓവറുകളിൽ വെറും എട്ട് റൺസ് മാത്രമാണ് ഇംഗ്ലണ്ട് വഴങ്ങിയത്. അവസാന ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ആർച്ചർ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു. നായകനെന്ന നിലയിൽ തന്റെ കരിയറിലെ വലിയ വെല്ലുവിളികൾ നേരിടുന്ന ശ്രേയസ് അയ്യർക്ക് വ്യക്തിഗത ഫോമിലെ ഈ തിരിച്ചു വരവ് വലിയ ആശ്വാസമാകും. ടീം പരാജയപ്പെട്ടെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ ക്രീസിലുറച്ചുനിന്ന് പോരാടാനുള്ള താരത്തിന്റെ കരുത്ത് തെളിയിക്കുന്നതായിരുന്നു ഈ ഇന്നിംഗ്സ്.







