പ്രശസ്ത ഡിജിറ്റൽ ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് ആദ്യമായി സംവിധാനം ചെയ്ത ‘ഗ്രാനി’ (Granny) എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ വൻ തരംഗമാവുകയാണ്. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് തന്നെ 2 മില്യണിലധികം (20 ലക്ഷം) കാഴ്‌ചക്കാരെ സ്വന്തമാക്കിയാണ് ചിത്രം മുന്നേറുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ആകാംഷയോടെ ഇരുത്തുന്ന നല്ലൊരു സൈക്കോളജിക്കൽ ഹൊറർ അനുഭവമാണ് ഈ കൊച്ചുചിത്രം സമ്മാനിക്കുന്നത്.
പേടിപ്പിച്ചു വിറപ്പിച്ച് കെ.പി.എ.സി ലീല!
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതിലെ കാസ്റ്റിംഗ് തന്നെയാണ്. മുതിർന്ന നടി കെ.പി.എ.സി ലീല സ്ക്രീനിൽ വരുത്തുന്ന ഭയവും നിഗൂഢതയും ചെറുതല്ല. ഒരു ഹോം നഴ്സ് ആയി എത്തുന്ന റോണിയും (ശിവരാജ്), ആ വീട്ടിലെ വൃദ്ധയായ മുത്തശ്ശിയും (കെ.പി.എ.സി ലീല) തമ്മിലുള്ള രംഗങ്ങളാണ് ചിത്രത്തിന്റെ ജീവൻ. ലീലേച്ചിയുടെ കണ്ണുകളിലെ നോട്ടവും ശരീരഭാഷയും തീയേറ്ററിൽ ഇരുന്ന് ഒരു നല്ല ഹൊറർ സിനിമ കാണുന്ന അതേ പേടിയും ആകാംഷയും തരും. ശിവരാജും തന്റെ വേഷം മനോഹരമാക്കിയിട്ടുണ്ട്. വെറും രണ്ട് കഥാപാത്രങ്ങൾ മാത്രമാണ് ഭൂരിഭാഗം സമയത്തും സ്ക്രീനിലുള്ളതെങ്കിലും ഒട്ടും ലാഗ് അടിപ്പിക്കാതെ കൊണ്ടുപോകാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
മികച്ച മേക്കിംഗ്
വിജയ് രഘു കൃഷ്ണന്റെ ക്യാമറ കണ്ണുകൾ ചിത്രത്തിന് നല്ലൊരു വിഷ്വൽ ക്വാളിറ്റി നൽകിയിട്ടുണ്ട്. ഓരോ ഫ്രെയിമും അത്രയും ഭംഗിയായാണ് ഒരുക്കിയിരിക്കുന്നത്. വളരെ ലളിതമായ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ പേടിപ്പെടുത്തുന്ന അന്തരീക്ഷം ഉണ്ടാക്കാൻ ക്യാമറയ്ക്കും ആർക്കിയുടെ പശ്ചാത്തല സംഗീതത്തിനും സാധിച്ചിട്ടുണ്ട്. ഒരു ഷോർട്ട് ഫിലിമിന് വേണ്ട നല്ലൊരു സാങ്കേതിക തികവ് ചിത്രത്തിലുണ്ട്.
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഹൊറർ ചിത്രം
ചുരുക്കത്തിൽ, അനാവശ്യമായ ബഹളങ്ങളോ ആവർത്തനങ്ങളോ ഇല്ലാതെ കൃത്യമായ പ്ലാനിങ്ങോടെ ഒരുക്കിയ നല്ലൊരു ഹൊറർ ത്രില്ലറാണ് ഗ്രാനി. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന് പ്രേക്ഷകനെ ആകർഷിക്കാൻ ഈ കൊച്ചുചിത്രത്തിന് സാധിക്കുന്നുണ്ട്. മലയാളത്തിൽ സമീപകാലത്തിറങ്ങിയ ശ്രദ്ധേയമായ ഹൊറർ ഹ്രസ്വചിത്രങ്ങളിൽ ഒന്നായി ‘ഗ്രാനി’ മാറിക്കഴിഞ്ഞു. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് യൂട്യൂബിൽ ധൈര്യമായി ആസ്വദിച്ചു കാണാൻ പറ്റിയ നല്ലൊരു വർക്കാണിത്.







