ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതികവും നിയമപരവുമായ വശങ്ങൾ പരിശോധിക്കുന്നതിനൊപ്പം, പരിസ്ഥിതി മന്ത്രാലയം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും കരാർ കമ്പനി കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന കാര്യവും പ്രത്യേകമായി അന്വേഷിക്കും. ഈ രണ്ട് അന്വേഷണ റിപ്പോർട്ടുകളും പുറത്തുവന്നതിനു ശേഷം മാത്രമേ തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, അപകടത്തിൽ മൂന്ന് തൊഴിലാളികളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജാർഖണ്ഡ് സ്വദേശി അൻമോൽ റായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്ര പാൻ പാൽ എന്നിവരാണ് മരണപ്പെട്ടത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് വഴി ജന്മനാടുകളിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. പരിക്കേറ്റ ഒൻപത് പേർ നിലവിൽ ചികിത്സയിലാണ്. കാണാതായ അഞ്ച് തൊഴിലാളികൾക്കായുള്ള ഊർജ്ജിതമായ തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചിട്ടുണ്ട്.







